ശ്രീകണ്ഠപുരം: എരുവേശി മുയിപ്രയിൽ വീട്ടിൽ സമാന്തര ബാർ നടത്തുന്ന യുവാവ് അറസ്റ്റിൽ. മുയിപ്രയിലെ കഴകപ്പുര സുനീഷി (30) നെയാണ് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. ഇവിടെ മദ്യവിൽപന നടക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ് സംഘം ആവശ്യക്കാരെന്ന വ്യാജേന എത്തുകയായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന 28 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു.
വീട്ടിൽ മദ്യവിൽപന നടക്കുന്നതായി നേരത്തെ തന്നെ വ്യാപക പരാതിയുണ്ടായിരുന്നു. രാത്രി മദ്യം വാങ്ങാനെത്തുന്നവർ വീട് മാറിക്കയറിയുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു. ഡ്രൈ ഡെ ദിവസങ്ങളിൽ ഇരട്ടിയിലേറെ വിലയ്ക്കാണ് ഇയാൾ മദ്യം വിൽപന നടത്താറുള്ളതെന്ന് എക്സൈസ് സംഘം പറഞ്ഞു.
പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി. അഷ്റഫ്, അബ്ദുൾ ലത്തീഫ്, എം.എം. ഷഫീഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മരായ പി.കെ. മല്ലിക, പി. രമ്യ, ഡ്രൈവർ കേശവൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.