തൃശൂർ: ഡ്രൈഡേ ദിവസങ്ങളിൽ ഉയർന്ന വില ഈടാക്കി അനധികൃത മദ്യവില്പന നടത്തിയിരുന്ന സംഘത്തെ എക്സൈസ് പിടികൂടി.
തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിനുള്ളിൽ മദ്യവിൽപന നടത്തിയിരുന്ന കൂർക്കഞ്ചേരി തൊട്ടപ്പറന്പിൽ വീട്ടിൽ ഷാജൻ (49), നടത്തറ ബൈപ്പാസിനടുത്ത് മുരിയാടൻ വീട്ടിൽ തിമോത്തി (57), കൊഴുക്കുള്ളി ചാണ്ടി വീട്ടിൽ റാഫി (47) എന്നിവരെയാണു തൃശൂർ റേഞ്ച് എക്സൈസ് പിടികൂടിയത്.
ബാർ, മദ്യവിൽപനശാലകൾ പ്രവർത്തിക്കാത്ത ഒന്നാം തീയതി ഉൾപ്പെടെയുള്ള ദിവസങ്ങളിലായിരുന്നു മദ്യവിൽപന. 500 രൂപയുണ്ടോ എന്ന കോഡ് ഉപയോഗിച്ചായിരുന്നു കച്ചവടം. സ്ഥിരം കസ്റ്റമർ ആണെന്നു വിൽപനക്കാരൻ മനസിലാക്കുന്നത് ഈ കോഡ് ഉപയോഗിച്ച് മദ്യം ആവശ്യപ്പെടുന്പോഴാണ്.
പുലർച്ചെ 3.30 മുതൽ മദ്യം വിറ്റു തുടങ്ങും. 150 രൂപയ്ക്ക് മദ്യശാലകളിൽനിന്ന് വാങ്ങുന്ന മദ്യവും 350 രൂപയ്ക്ക് കെബിസി ഷോപ്പുകളിൽനിന്നു വാങ്ങുന്ന മദ്യവും 500 രൂപയ്ക്കാണ് വിൽപന നടത്തുന്നത്.
ആവശ്യക്കാർ കൂടുന്നതനുസരിച്ച് 800 രൂപ വരെ ഒന്നാം തിയതി വില കൂട്ടും.
തൊഴിലാളികളുടെ വേഷത്തിൽ കോഡ് ഭാഷ ഉപയോഗിച്ച് ആവശ്യക്കാരായി അഭിനയിച്ചാണ് എക്സൈസ് സംഘം മദ്യവിൽപനക്കാരെ വലയിലാക്കിയത്.