കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നവും കോവിഡ് വ്യാപനവും ഡ്രൈഫ്രൂട്സിന്റെ വിലവർധനയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ഒരുമസത്തിനിടെ ഡ്രൈ ഫ്രൂട്സ് വിപണിയിൽ വൻതോതിലാണ് വിലയിൽ മാറ്റമുണ്ടായത്.
അഫ്ഗാനിൽ നിന്നെത്തുന്ന ബദാം, പിസ്ത, അത്തിപ്പഴം, വാൾനട്ട് എന്നിവയുടെ വിലയിലാണ് വൻ വർദ്ധന.കിലോയ്ക്ക് 680 രൂപയുണ്ടായിരുന്ന ബദാമിന് ഇപ്പോൾ 850 മുതൽ 1000 രൂപ വരെ വിലയിലാണ് വ്യാപാരം നടക്കുന്നത്.
ഇത് ചില ദിവസങ്ങളിൽ 1400 വരെ ഉയർന്നിട്ടുണ്ട്. പിസ്തയ്ക്ക് 800- 850ൽ നിന്ന് 980ലെത്തി.അത്തിപ്പഴത്തിന് 700ൽ നിന്ന് 1000, 1200 വരെയായി. നേരത്തെ 600-650 രൂപയുണ്ടായിരുന്ന കശുവണ്ടി പരിപ്പ് 750 രൂപയ്ക്കാണ് വിൽക്കുന്നത്.
350 രൂപയുണ്ടായിരുന്ന കറുത്ത കിസ്മിസിന് 400 രൂപയായി. 600 രൂപയ്ക്ക് ലഭിച്ചിരുന്ന അഫ്ഗാൻ മുന്തിരിക്കിപ്പോൾ 750-800 രൂപ നൽകണം. ആപ്രിക്കോട്ട് കിലോ 600-650 രൂപയ്ക്കാണ് വിൽപ്പന.
ഡ്രൈ ഫ്രൂട്സിന് പുറമെ അജ്നാമോട്ടോ, കറുകപ്പട്ട, കസ്കസ് എന്നിവയ്ക്കും വില ഉയരുകയാണ്. ചിലയിടങ്ങളിൽ കറുകപ്പട്ട കിട്ടാത്തസ്ഥിതിയുമുണ്ട്.
അഫ്ഗാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് ഇന്ത്യ കുറഞ്ഞ താരിഫ് മാത്രം ഈടാക്കിയതിനാൽ താരതമ്യേന വില കുറച്ച് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നു.
എന്നാൽ ഇറക്കുമതി നിലച്ചതാണ് വ്യാപാരികൾക്ക് തിരിച്ചടിയായത്. കഴിഞ്ഞ വർഷം ഇന്ത്യ ഇറക്കുമതി ചെയ്ത അത്തിപ്പഴത്തിന്റെ 90 ശതമാനവും അഫ്ഗാനിൽ നിന്നായിരുന്നു.
കോവിഡ് സാഹചര്യത്തിൽ ഇറക്കുമതി കുറഞ്ഞതാണ് മാർക്കറ്റിൽ ആവശ്യക്കാർ കുറഞ്ഞിട്ടും വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.