വൈപ്പിൻ: ഈ വർഷം കായലിലും കെട്ടുകളിലും തെള്ളിച്ചെമ്മീനിന്റെ ലഭ്യത കുറഞ്ഞതു മൂലം ഉണക്കച്ചെമ്മീന്റെ വില കുതിച്ചുകയറുന്നു. തീരെ ചെറിയ ഉണക്കച്ചെമ്മീനിനു വിപണിയിൽ കിലോവിനു 350 രൂപയും വലുപ്പമുള്ളതിനു കിലോക്ക് 550 രൂപ വരെയാണ് ഇപ്പോഴത്തെ വില.
ചെമ്മീനിന്റെ ലഭ്യത കുറഞ്ഞതോടെ മാർക്കറ്റിൽ പച്ച തെള്ളിച്ചെമ്മീനിന്റെ വിലയും ഇരട്ടിയായി. വേനൽകെട്ട് സീസണിൽ പച്ചതെള്ളിക്ക് കിലോയ്ക്ക് 130 രൂപ വരെ വില ഉയർന്നിരുന്നു. തീരെ ചെറിയവയ്ക്ക് 100 രൂപയായിരുന്നു വില. ഇപ്പോഴും വിലയിൽ കാര്യമായ വ്യത്യാസം ഇല്ലെന്നാണ് ചെമ്മീൻ വ്യാപാരികൾ പറയുന്നത്.
വലുപ്പമുള്ള ചെമ്മീൻ വൃത്തിയാക്കി വിദേശരാജ്യങ്ങളിലേക്ക് കയറ്റിപ്പോകുകയാണ് പതിവ്. ഉണക്കാൻ എടുക്കുന്നവർ മൊത്തമായി വാങ്ങുന്നതിനാൽ ആഭ്യന്തര മാർക്കറ്റിലേതിനേക്കാളും 35 ശതമാനം വരെ വില കുറച്ചു ലഭിക്കും. 100 മുതൽ 500 കിലോ വരെ തെള്ളിച്ചെമ്മീനുകൾ വാങ്ങി ഉണക്കുന്നവരുണ്ട്.
ഒരു കിലോ ഉണക്കചെമ്മീൻ ലഭിക്കാൻ ചുരുങ്ങിയത് നാല് കിലോ പച്ചചെമ്മീനെങ്കിലും വേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു. അതേ സമയം മഴക്കാലം വരുന്പോൾ തെള്ളിച്ചെമ്മീനു വില കുറയും. ഉണക്കാൻ വാങ്ങുന്നവർ വിപണിയിൽ നിന്നും പിൻമാറുന്നതോടെയാണ് ഈ വിലക്കുറവ്.
വൈദ്യുതി ഉപയോഗിച്ച് ഡ്രൈയറിൽ ഇട്ട് ഉണക്കുന്നവർ വർഷക്കാലത്തും ഉണക്കച്ചെമ്മീൻ ഉത്പാദിപ്പിക്കും. വടക്കൻ പറവൂർ, വരാപ്പുഴ, കൊടുങ്ങല്ലൂർ കോട്ടപ്പുറം തുടങ്ങിയ മത്സ്യമാർക്കറ്റുകളിൽ വൻ തോതിൽ ഉണക്കചെമ്മീൻ എത്തുന്നത് തീരദേശ മേഖലയിൽ നിന്നാണ്.