അമ്പലപ്പുഴ: ഡ്രൈ ഡേ ദിവസം മദ്യക്കച്ചവടം നടത്തിയ ബാറിലെ ജീവനക്കാർ അറസ്റ്റിൽ. സർക്കാർ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവിന് വിരുദ്ധമായി മദ്യക്കച്ചവടം നടത്തിയ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാറിലെ മാനേജർ കോട്ടയം ജില്ലയിൽ വാകത്താനം പുതുപ്പറമ്പിൽ മധുസൂദനൻ മകൻ വിനു (39), സെക്യൂരിറ്റി കരുവാറ്റ പുത്തൻപറമ്പിൽ ഗോവിന്ദൻ മകൻ കണ്ണൻ (50) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ബാറിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നു എന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പോലീസ് മഫ്തിയിൽ ബാറിലെത്തി ബാറും പരിസരങ്ങളും പരിശോധിച്ചതിൽ സെക്യൂരിറ്റി വഴി കച്ചവടം നടത്തുന്നത് കാണുകയും സെക്യൂരിറ്റിയെയും കൂടെ ഉണ്ടായിരുന്ന മാനേജരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വില്പന നടത്തിക്കൊണ്ടിരുന്ന രണ്ടു കുപ്പി മദ്യവും വിറ്റ് കിട്ടിയ 5300 രൂപയും പോലീസ് പിടിച്ചെടുത്തു. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ഹരിദാസ്, ജയചന്ദ്രൻ, എഎസ്ഐ പ്രദീപ്, സിപിഒമാരായ സിദ്ദീഖ്, അനീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.