കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്.
പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയിലും ശൈലിയിലുമാണു തനിക്കെതിരേ പിണറായി ആരോപണങ്ങൾ ഉന്നയിച്ചതെന്നും നട്ടെല്ലുണ്ടെങ്കില്‍ അവ തെളിയിക്കണമെന്നും സുധാകരൻ പത്രസമ്മേളനത്തിൽ വെല്ലുവിളിച്ചു.
കണ്ണൂരിലെ ബീഡിത്തൊഴിലാളി കളുടെ സമരത്തിനിടെ പിണറായി വിജയൻ കൊടുവാളിനു വെട്ടിപ്പരിക്കേൽപിച്ചയാളെ പത്രസമ്മേളനത്തിൽ ഹാജരാക്കിയ സുധാകരൻ, കൊലക്കേസുകളിൽ പ്രതിയായിരുന്നയാളാണു മുഖ്യമന്ത്രിയെന്ന് എഫ്ഐആർ ഉയർത്തിക്കാട്ടി ആരോപിച്ചു.
തനിക്ക് മാഫിയാ ബന്ധമുണ്ടെന്നും തെറ്റുകാരനാണെന്നും തെളിയിച്ചാല്‍ രാ ഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാം. ഇല്ലെങ്കില്‍ പിണറായി മാറുമോയെന്നും സുധാകരന് ചോദിച്ചു.
മക്കളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ ശ്രമിച്ചുവെന്നാണു പിണറായി പറയുന്നത്. ഇതറിഞ്ഞിട്ടും എന്തുകൊണ്ടു പോലീസില്‍ പരാതി നല്‍കിയില്ല. മക്കളുടെ കാര്യം സ്വന്തം ഭാര്യയോടു പോലും പറഞ്ഞില്ലെന്നു പറയുമ്പോള്‍ പിണറായി അച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന സംശയമുണ്ട്.
തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട കാര്യം തന്റെ സുഹൃത്തും ഫിനാന്ഷ്യറുമായ ഒരാൾ പിണറായിയോടു പറഞ്ഞെന്നാണു പറയുന്നത്. അയാൾ മരിച്ചുപോയെന്നും പറയുന്നു. മരിച്ച ആള്‍ക്കു പേരില്ലേ? എന്തുകൊണ്ട് അതു പറയുന്നില്ല?
“വെടിയുണ്ട പിടിച്ചെടുത്തത് എന്റെ പക്കല്‍നിന്നല്ല. അത് പിണറായി വിജയനില്‍നിന്നാണ്. പിണറായി വെടിയുണ്ട കൊണ്ടുനടന്നത് പുഴുങ്ങിത്തിന്നാന്‍ ആയിരുന്നോ? തോക്കുള്ള പിണറായിയാണോ മാഫിയ, തോക്കില്ലാത്ത ഞാനാണോ മാഫിയ?.
എന്നെ നഗ്നനായി കോളജില്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത് എന്തോ ദുഃസ്വപ്നം കണ്ടിട്ടാണ്. ആ കാലയളവില്‍ പഠിച്ച വിദ്യാര്‍ഥികളോടോ, പഠിപ്പിച്ച അധ്യാപകരോടോ ആരോടെങ്കിലും ചോദിച്ച് ഇക്കാര്യം തെളിയിക്കാമോ? ”
പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍നിന്നു പുറത്തുവന്ന യഥാർഥ പിണറായി വിജയനെയാണ് കഴിഞ്ഞ ദിവസം കണ്ടത്. അദ്ദേഹത്തിന്റെ അതേ ഭാഷയില്‍ മറുപടി പറയാന്‍ എനിക്കു സാധിക്കില്ല. ഞാനിരിക്കുന്ന കസേരയ്ക്ക് ഒരു മഹത്വമുണ്ട്. സ്വന്തം അനുഭവം എഴുതി വായിക്കേണ്ട കാര്യമുണ്ടോ?
പേപ്പര്‍ നോക്കി രാമായണം വായിക്കുന്നതു പോലെയാണു പിണറായി കാര്യങ്ങള്‍ വായിക്കുന്നത്. എനിക്കു സംസാരിക്കാന്‍ എഴുതി വായിക്കേണ്ട കാര്യമില്ല.
ബ്രണ്ണന്‍ കോളജിലുണ്ടായ വിദ്യാർഥിസംഘർഷത്തിൽ പിണറായിയെ ചവിട്ടിവീഴ്ത്തിയെന്ന വിവാദ പരാമർശം സുധാകരൻ പിൻവലിച്ചില്ല. 1967ൽ നടന്ന സംഭവമാണ്.
പിണറായിയുമായി സംഘര്ഷമുണ്ടായെന്നതു സത്യം. പക്ഷേ പ്രചരിപ്പിക്കാന്‍ താത്പര്യമില്ല. അഭിമുഖത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പിൽ ഒരു മാധ്യമ പ്രവര്‍ത്തകനോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യം പ്രസിദ്ധീകരിക്കുകയായിരുന്നു.
ലേഖകന്‍ ചതിയാണു ചെയ്തത്. വിദേശ സാമ്പത്തിക ഇടപാടിന്റെ പേരില്‍ അഴിമതിയില്‍ മുങ്ങിനില്ക്കുന്ന മുഖ്യമന്ത്രിയാണ് തനിക്കു വിദേശ കറന്‍സി ഇടപാടുണ്ടെന്നു പറയുന്നത്. ഭരണത്തിന്റെ മറവില്‍ കള്ളക്കടത്തു നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.
കണ്ണൂരില്‍ പിണറായി വിജയന്റെ നിര്‍ദേശത്തില്‍ സിപിഎം വെട്ടിക്കൊന്ന രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കുകയാണ് ഞങ്ങളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്കു ജോലി നല്‍കിയിട്ടുണ്ട്. വീട് ആവശ്യമായുള്ളവര്‍ക്ക് വീട് നിര്‍മിച്ചു നല്കി.
സി.എച്ച്. മുഹമ്മദ് കോയയെ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹം പങ്കെടുത്ത ഒരു ചടങ്ങിനെതിരേയാണു പണ്ടു പ്രതിഷേധം സംഘടിപ്പിച്ചത്. പിണറായിയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ടു പ്രതികരിച്ച കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന്റെ നിലപാട് പരിശോധിക്കും.
മുഖ്യമന്ത്രിയോട് തനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളില്ല. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തോടാണ് എതിര്‍പ്പെന്നും സുധാകരൻ പറഞ്ഞു.
‘കൊലക്കേസിൽ പിണറായി ഒന്നാം പ്രതി’
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ കെ. സുധാകരൻ, അദ്ദേഹത്തിനെതിരേ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. വാടിക്കല്‍ രാമകൃഷ്ണൻ എന്ന ജനസംഘം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പിണറായി ഒന്നാം പ്രതിയാണെന്ന് എഫ്ഐആര്‍ ഉയര്‍ത്തിക്കാട്ടി സുധാകരന് പറഞ്ഞു.
ബോഡി ഗാര്‍ഡായിരുന്ന വെണ്ടുട്ടായി ബാബുവിനെ തമ്മില്‍ തെറ്റിയപ്പോൾ പിണറായി ഗുണ്ടകളെ ഉപയോഗിച്ചു കൊന്നു. മൃതദേഹം വീട്ടിൽ എത്തിച്ചപ്പോള്‍ പുറത്തുനിന്ന് ആരെയും അവിടേക്ക് കടത്താതെ ഊരുവിലക്ക് പ്രഖ്യാപിച്ചു.
മഴ പെയ്യുന്ന രാത്രിയിൽ അടുത്തുള്ള വീട്ടില്‍നിന്നു ലൈറ്റ് എടുക്കാന്‍ പോലും വീട്ടുകാരെ അനുവദിച്ചില്ല. കുഴിയെടുക്കാന്‍ ആളെ കിട്ടാത്ത സാഹചര്യമുണ്ടായപ്പോള്‍ പുറത്തുനിന്ന് തങ്ങള്‍ ആളെ അയച്ച് മൃതദേഹം മറവുചെയ്യുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
‘നാല്പാടി വാസു വധക്കേസ്: പ്രതി ഗൺമാൻ’
കൊച്ചി: ഒരു കൊലപാതക കേസിലും താന്‍ പ്രതിയായിട്ടില്ലെന്നും നാല്പാടി വാസു വധക്കേസില്‍ പ്രതി തന്റെ ഗണ്മാനായിരുന്നുവെന്നും കെ. സുധാകരൻ.
കണ്ണൂര്‍ ജില്ലയില്‍ താൻ നടത്തിയ രാഷ്ട്രീയ ജാഥയെ സിപിഎമ്മുകാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ഗൺമാൻ നടത്തിയ വെടിവയ്പിലാണു വാസു കൊല്ലപ്പെട്ടത്.
സിപിഎം പ്രവർത്തകര്‍ എന്റെ അടുത്തേക്കു വരാതിരിക്കാന്‍ മറ്റൊരു ഭാഗത്തേക്കു വെടിയുതിര്‍ത്തപ്പോള്‍ അകലെ ഒരു മരത്തിനു ചുവട്ടില്‍ ഇതിലൊന്നും പങ്കാളിത്തമില്ലാതെ നോക്കിനിന്ന വാസുവിന് അബദ്ധത്തിൽ വെടിയേല്‍ക്കുകയായിരുന്നു.
ഇ.പി. ജയരാജന് വധശ്രമക്കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തന്നെയൊരു ഗുണ്ടയും കൊലപാതകിയുമാക്കി ചിത്രീകരിച്ച് മൂലയ്ക്കിരുത്താന്‍ ആരും ശ്രമിക്കേണ്ട. ഇനിയും ഇത് തുടര്‍ന്നാല്‍ പിണറായി വിജയന്റെ രണ്ടാം അധ്യായം കേരള രാഷ്ട്രീയത്തില്‍ തങ്ങള്‍ തുറക്കും. അതിന് അവസരമുണ്ടാക്കരുത്.
പിണറായി വാളിനു വെട്ടി: കണ്ടോത്ത് ഗോപി
കൊച്ചി: കണ്ണൂരിലെ ബീഡിത്തൊഴിലാളി സമരത്തിനിടെ പിണറായി വിജയൻ തന്നെ കൊടുവാള്‍കൊണ്ടു വെട്ടിയെന്ന് തലശേരി ധര്‍മടത്തെ കോണ്‍ഗ്രസ് നേതാവ് കണ്ടോത്ത് ഗോപി. കഴുത്തിനുനേരേ വന്ന വെട്ട് തടഞ്ഞപ്പോള്‍ കൈയിലേറ്റ മുറിവിന്റെ പാട് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. 1977ലായിരുന്നു സംഭവം.
പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ ഉണ്ടായിരുന്ന 12 എഐടിയുസി, 12 ഐഎന്‍ടിയുസി, രണ്ട് എച്ച്എംഎസ് തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരേ നടത്തിയ സമരത്തിനിടെയായിരുന്നു ആക്രമണം.
30 ഓളം ആളുകള്‍ ആയുധധാരികളായി എത്തി. താനാണോ ജാഥാ ലീഡര്‍ എന്നു ചോദിച്ചു കൊടുവാള് ഉയര്‍ത്തി പിണറായി എന്നെ വെട്ടി. ആശുപത്രിയിൽ ചികിത്സ തേടിയ തന്നിൽനിന്നു പോലീസ് മൊഴിയെടുത്തെങ്കിലും പിണറായി വിജയന് സ്വാധീനത്തിലൂടെ കേസ് ഇല്ലാതാക്കിയെന്നും കണ്ടോത്ത് ഗോപി ആരോപിച്ചു.