റെനീഷ് മാത്യു
കണ്ണൂർ: അറസ്റ്റിലായി ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രൂപീകരിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷനെതിരേ (ഡിഎസ്എ) കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തോട് റിപ്പോർട്ട് നേടി.
സംഘടനയ്ക്ക് മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി ബന്ധമുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 26 ന് കൊച്ചി സി. അച്യുതമേനോൻ ഹാളിലായിരുന്നു സംഘടനയുടെ രൂപീകരണ പ്രഖ്യാപന സമ്മേളനം. സംഘടനയുടെ പ്രഖ്യാപന സമ്മേളനത്തിൽ മാവോയിസ്റ്റ് അനുകൂല സംഘടനകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.
തമിഴ്നാട്ടിലെ നെടുവാസൽ സമരനായിക സ്വാതിയെയായിരുന്നു സംഘടനയുടെ ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇവരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നെടുവാസൽ സമരപ്രവർത്തകനും തമിഴ്നാട്ടിലെ സ്റ്റുഡന്റ്സ് അപ് റൈസിംഗ് ഫോർ സോഷ്യൽ വെൽഫെയർ നേതാവുമായ ദിനേശനായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്ത് തീവ്രഇടതുപക്ഷ ആശയങ്ങളുമായി പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചെങ്കിലും എസ്എഫ്ഐ, കെഎസ്യു, എബിവിപി തുടങ്ങിയ വിദ്യാർഥി സംഘടനാ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല.
ഡിഎസ്എയുടെ കേരളത്തിലെ കാന്പസിലുള്ള പ്രവർത്തനവും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ശാസ്ത്രീയ സോഷ്യലിസമാണ് സംഘടനയുടെ മുദ്രാവാക്യമെന്നും ഇതിന് മാവോയിസ്റ്റ് ബന്ധമില്ലെന്നുമാണ് സംഘടനാ പ്രതിനിധികൾ പറയുന്നത്. എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയത്തിനും കെഎസ്യുവിനുമെതിരായി ഒരു ബദല്‍ പ്രസ്ഥാനം എന്ന നിലയില്‍ ഡിഎസ്എ പ്രവര്‍ത്തിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.
സമൂഹത്തിലെ മര്‍ദിതരുടെ പോരാട്ടങ്ങള്‍ക്ക് ഒപ്പം നില്ക്കുകയെന്നതാണ് ഡിഎസ്എയുടെ നയമെന്ന് സംഘാടകര്‍ പറയുന്നു. നക്സല്‍ നേതാവ് മല്ലു രാജ റെഡ്ഡിക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത കേസില്‍ സംഘടനയുടെ പ്രസിഡന്റും കൂടിയ ആമിയുടെ മാതാപിതാക്കളായ രൂപേഷും ഷൈനയും രണ്ട് വര്‍ഷമായി ജയിലിലാണ്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിരുന്നു.