തൃശൂർ: ഭരതൻ പുരസ്കാരം സംവിധായകൻ ദിലീഷ് പോത്തന് നൽകുമെന്ന് ഭരതൻ സ്മൃതി സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
30 ന് വൈകീട്ട് ആറിന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ചേരുന്ന ഭരതൻ സ്മൃതി സമ്മേളനത്തിൽ സംവിധായകൻ മോഹനനും ഭരതന്റെ പത്നിയും തൃശൂർ സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെപിഎസി ലളിതയും ചേർന്ന് കല്യാണ് ഭരത് മുദ്ര സുവർണ പതക്കം (ഒരു പവൻ) ദിലീഷ് പോത്തന് സമ്മാനിക്കും.
മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ഭയാനകം സിനിമയുടെ സംവിധായകൻ ജയരാജിനേയും, അഭിനേതാവും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരേയും കല്യാണ് ജ്വല്ലേഴ്സ് ചെയർമാൻ ടി.എസ് കല്യാണരാമൻ ആദരിക്കും. ഡോ. സുന്ദർ മേനോൻ അധ്യക്ഷത വഹിക്കും.
സംവിധായകരായ മോഹൻ, ജയരാജ്, നിർമാതാവ് വി.ബി.കെ മേനോൻ എന്നിവർ അനുസ്മരണം നിർവഹിക്കും. തുടർന്ന് ഗസൽ മഹഫിൽ അരങ്ങേറും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഷോഗണ് രാജു, സി.എസ് അജയകുമാർ, അനിൽ വാസുദേവ് എന്നിവർ പങ്കെടുത്തു.