എം.വി. അബ്ദുൾ റൗഫ്
തലയോട്ടിൽനിന്ന് ഒരു കൊലപാതകം കണ്ടെത്തുന്നതാണ് അടുത്ത കാലത്ത് ഇറങ്ങിയ കോൾഡ് കേസ് എന്ന പൃഥ്വിരാജ് സിനിമയുടെ ഇതിവൃത്തം.
ഇരിക്കൂർ പോലീസിനു സമാനമായ ഒരു കഥ പറയുവാനുണ്ട്. 2018 ഫെബ്രുവരി 24 ന് വൈകുന്നേരമാണ് കണ്ണൂർ ജില്ലയിലെ ഇരിക്കൂറിനടുത്തുള്ള ഊരത്തൂർ പിഎച്ച്സിക്ക് സമീപം മൈലപ്രവൻ ഗംഗാധരന്റെ വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ തലയോട്ടി കണ്ടത്.
തുടർന്ന് സ്ഥലത്തെത്തിയ ഇരിക്കൂർ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ തലയോട്ടി ലഭിച്ച സ്ഥലത്ത് നിന്ന് 150 മീറ്ററോളം ദൂരെ നിന്ന് കീഴ്ത്താടിയെല്ലുകളും പല്ലുകളും ലഭിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ അടുത്ത ദിവസം നാട്ടുകാർക്ക് ഇവിടെ നിന്ന് ബനിയനും ലുങ്കിയും ലഭിച്ചു.
വസ്ത്രങ്ങളിലെ രക്തക്കറ
പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.
പ്രദേശത്തെ ചെങ്കൽപ്പണയിലെ മണ്ണ് നീക്കിയപ്പോൾ തലയോട്ടി ഉയർന്ന് വന്നതാകാമെന്നും ഏതെങ്കിലും സംസ്കാര സ്ഥലത്ത് നിന്ന് തെരുവ് നായകൾ അവശിഷ്ടങ്ങൾ കടിച്ച് കൊണ്ടിട്ടതാകാമെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ രണ്ട് വർഷത്തിനുളളിൽ പ്രദേശത്ത് മൃതദേഹം ദഹിപ്പിക്കാതെ സംസ്കരിച്ചിട്ടില്ലെന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
കൂടാതെ ഇക്കാലയളവിൽ പടിയൂർ ഉൾപ്പെടെ രണ്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ മാൻ മിസിംഗ് പരാതിയൊന്നും ലഭിച്ചിട്ടുമില്ലെന്ന് പോലീസിനും വ്യക്തമായി.
ഇതിനിടെ സ്ഥലത്ത് നിന്ന് ലഭിച്ച ബനിയനിലും ലുങ്കിയിലും രക്തക്കറയുള്ളതായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നു.
ഇതോടെ അവിടെ ക്വാർട്ടേഴ്സിൽ നിന്ന് ഒരു മാസം മുമ്പ് ആസാമിലേക്ക് പോയെന്ന് കരുതിയ ആസാം സ്വദേശി സെയ്താലി (20) യെയും സുഹൃത്ത് ആസാം അലോപ്പതി ചാർ സ്വദേശി സാദിഖ് അലി (20) യെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
വഴിമുടക്കി മെഡിക്കൽ റിപ്പോർട്ട്
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ മൃതദേഹ പരിശോധനയിൽ തലയോട്ടി സ്ത്രീയുടേതാണെന്ന റിപ്പോർട്ടാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
22 നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീയുടേതാണ് തലയോട്ടിയെന്നും മരണപ്പെട്ടിട്ട് ആറ് മാസത്തോളമായെന്നുമായിരുന്നു റിപ്പോർട്ട്.
ഇതോടെ ആസാം സ്വദേശികളെ കുറിച്ചുള്ള അന്വേഷണം പോലീസ് നിർത്തിവച്ചു. തലയോട്ടി ഡിഎൻഎ പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു.
മൊബൈൽ മോഷണം
ആസാമിലേക്ക് പോയെന്ന് കരുതിയ സാദിഖ് അലിയെയും സെയ്ദാലിയെയും കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ സാദിഖ് അലി ആസാമിലെത്തിയതായി വിവരം ലഭിച്ചെങ്കിലും സെയ്ദാലി നാട്ടിലെത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇതിനിടെ സെയ്ദാലിയുടെ മൊബൈൽ ഫോൺ സാദിഖ് അലിയിൽ നിന്ന് പിടിച്ചെടുത്തതോടെ 2018 ഏപ്രിൽ 16 ന് ആസാമിൽ വച്ച് അന്വേഷണ സംഘം മാബൈൽ മോഷണ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തു.
എന്നാൽ റെയിൽവേ സ്റ്റേഷനിൽ വച്ച് സെയ്താലിയെ കാണാതായതിനാൽ ആസാമിലെത്തിയിട്ടുണ്ടാകുമെന്ന് കരുതിയാണ് മൊബൈലുമായി താൻ ആസാമിലെത്തിയതെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.
പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും ആസാമിലേക്ക് മുങ്ങുകയായിരുന്നു.
(തുടരും)