തിരുവല്ല: ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ ഇന്ത്യന്‍ അധിനിവേശ കാഷ്മീര്‍ പരാമര്‍ശത്തില്‍ കെ,ടി. ജലീല്‍ എംഎല്‍എയ്ക്കെതിരേ കീഴ് വായ്പൂര് പോലീസ് കേസെടുത്തു.
കേസെടുക്കാന്‍ തിരുവല്ല കോടതി ഇന്നലെ പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു.
ജലീലിനെതിരേ നടപടി ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവും മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശിയുമായ അരുണ്‍ മോഹന്‍ നല്കിയ ഹര്‍ജിയില്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്്രേടറ്റ് രേഷ്മ ശശിധരനാണ് 156/3 പ്രകാരം കേസെടുക്കാന്‍ കീഴ് വായ്പൂര് എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയത്.
ഇതേ ആവശ്യം ഉന്നയിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അരുണ്‍ കോടതിയെ സമീപിച്ചത്.
ജലീൽ ഭരണഘടനയെ അപമാനിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെയുമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
‘പാക്കധീന കാഷ്മീർ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ‘ആസാദ് കാഷ്മീർ’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്.
വിഭജനകാലത്ത് കാഷ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്റെ മറ്റൊരു പരാമർശം.
എന്നാൽ ‘ പഷ്തൂണു’ കളെ ഉപയോഗിച്ച് കാഷ്മീർ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു.
കാഷ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തെയും നിലപാട്. ജലീലിന്റെ പോസ്റ്റിൽ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ദരും പ്രതികരിച്ചിരുന്നു.
വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കിയി രുന്നു. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ ടി ജലീലിന്റെ വിശദീകരണം.
എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമായിരുന്നു ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്. എം വി ഗോവിന്ദനടക്കമുള്ള രണ്ട് മന്ത്രിമാർ കെ ടി ജലീലിന്റെ പരാമർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.