ദുബായ്: ഇരട്ട കുട്ടികളുടെ പിതാവായ ദുബായ് കിരീടാവകാശിയുടെ സന്തോഷത്തിൽ പങ്കുചേരാൻ ഹൃദ്യമായൊരു ആശംസ വീഡിയോ തയാറാക്കിയിരിക്കുകയാണ് യുഎഇയിലെ നിശ്ചയദാർഢ്യക്കാരായ കുട്ടികൾ.
കേരളം, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും, രക്ഷിതാക്കളുടെയും, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരുടെയും പ്രൊഫഷനലുകളുടെയും കൂട്ടായ്മയായ പ്രതീക്ഷ സ്പെഷ്യൽ സ്മൈൽസ് എന്ന സംഘടനയാണ് ആശംസ വീഡിയോ തയാറാക്കിയിരിക്കുന്നത്.
റാഷിദ് ബിൻ ഹംദാൻ, ഷെയ്ഖ ബിൻത് ഹംദാൻ എന്നീ ഇരട്ടക്കുട്ടികളുടെ പിതാവായ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും കുടുംബത്തിനുമാണ് പ്രതീക്ഷ സ്പെഷ്യൽ സ്മൈൽസ് എന്ന സംഘടനയിലെ ഒരു പറ്റം കുട്ടികൾ വീഡിയോയിലൂടെ ഹൃദ്യമായ ആശംസ കൈമാറിയിരിക്കുന്നത്.
ആശംസകൾ പറയുകയും എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്താണ് കുട്ടികൾ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നത്. ഇമാദ്, രാഹുൽ, ആനന്ദ്, രത്ന എന്നിവർ ചിത്രം വരച്ചും , അൻജാൻ സതീഷ് കാർട്ടൂണ്‍ വരച്ചും ആശംസ നേർന്നപ്പോൾ, രേശ്മ, ജാസ്മിൻ, ഫാത്തിമ, അയ്യപ്പൻ അടൂർ, മീനാക്ഷി, ഫർഹാൻ, സെയ്റ സാറ റെൻ, ആൻലിന ലിൻസ് ചിറയത്ത്, അലൻ തോമസ് ഷിജോ, അസ്മാ അഫാഖ് എന്നിവർ നിറചിരിയോടെ ആശംസകളുമായെത്തി.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായും, രക്ഷിതാക്കൾക്കായും ഓണ്‍ലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്ന പ്രതീക്ഷ സ്പെഷ്യൽ സ്മൈൽസ്ന് കുട്ടികളുടെ സർഗവാസനയെ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യം കൂടി കൂട്ടായ്മയ്ക്ക് ഉണ്ടെന്ന് പ്രവർത്തകർ പറഞ്ഞു.
പ്രതീക്ഷയിലെ കൊച്ചുകൂട്ടുകാരും മുതിർന്നവരും ചേർന്ന് തയാറാക്കിയ ഈ വിഡിയോ ഷെയ്ഖ് ഹംദാന്‍ എത്തിക്കാനാണ് സംഘാടകരുടെ ആഗ്രഹം.
അതിനു ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഭിന്നശേഷിക്കാരിൽ ചിരിയുടെ സൗന്ദര്യം പടർത്തുന്ന സ്പെഷ്യൽ സ്മൈൽസ് പ്രവർത്തകർ.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള