ദുബായ്: ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ ബസ് അപകടത്തിൽ എട്ടു മലയാളികളുൾപ്പെടെ 17 പേർ മരിച്ചു. മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരാണ്.
കോട്ടയം പാന്പാടി സ്വദേശി വിമൽ കാർത്തികേയൻ (അപ്പു-35), തലശേരി ചേറ്റംകുന്നിനടുത്ത സറീനാസിലെ എ.ടി. ഉമ്മർ (65), മകന് നബീല്‍ ഉമ്മർ (21),ദുബായിലെ സാമൂഹ്യപ്രവർത്തകനായ തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ(47), തിരുവനന്തപുരം സ്വദേശി ദീപകുമാർ(40), വാസുദേവൻ വിഷ്ണുദാസ്, തൃശൂർ ചെന്പൂക്കാവ് സ്വദേശി കിരൺ ജോണി(25), കണ്ണൂർ മൊറാഴ സ്വദേശി രാജൻ പുതിയപുരയിൽ(49) എന്നിവരാണു മരിച്ച മലയാളികൾ. ഒമാനിലെ മസ്കറ്റിൽനിന്നു ദുബായിലേക്കു വന്ന ബസാണ് വ്യാഴാഴ്ച വൈകുന്നേരം യുഎഇ സമയം 5.40ന് ദുബായിലെ റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് അപകടത്തിൽപ്പെട്ടത്.
ബസുകൾക്കും വലിയ വാഹനങ്ങൾക്കും പ്രവേശനമില്ലാത്ത റോഡിൽ ഹൈറ്റ് ബാരിയറിൽ ഇടിച്ചായിരുന്നു അപകടം. രണ്ടു പാക് സ്വദേശികളും അയർലൻഡ്, ഒമാൻ സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ബസിന്റെ ഇടതുവശത്തുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരിലേറെയും. 31 പേരാണു ബസിലുണ്ടായിരുന്നത്.
വിമൽ കാർത്തികേയൻ പാന്പാടി പൊത്തൻപുറം കുന്നേപ്പാലം വെണ്ടകത്തിൽ കാർത്തികയിൽ റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ കാർത്തികേയൻ നായരുടെ മകനാണ്. ദുബായിൽ സ്വകാര്യ സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ചന്ദ്രകുമാരി. ഭാര്യ: പൂർണിമ (ഐസിഡിഎസ് സൂപ്പർവൈസർ, തൃശൂർ). മകൻ: ദേവാംഗ്. സഹോദരങ്ങൾ: വിനോദ് (മസ്ക്കറ്റ്), ശ്രീവിദ്യ. സംസ്കാരം പിന്നീട്.
മസ്കറ്റിൽ പെരുന്നാൾ ആഘോഷം കഴിഞ്ഞുള്ള മടക്കയാത്രയിലാണ് ഉമ്മറും മകനും അപകടത്തിൽ മരിച്ചത്. തലശേരിയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഉമ്മർ. മകന് നബീല്‍ ദുബായ് എയര്‍പോര്‍ട്ടിലെ എയറോനോട്ടിക് എന്‍ജിനിയറാണ്. കഴിഞ്ഞ മാസം 30 നായിരുന്നു ഉമ്മര്‍ വിദേശത്തേക്കു പോയത്. എ.ടി. സറീനയാണ് ഉമ്മറിന്റെ ഭാര്യ: മറ്റു മക്കള്‍: ലുബ്ന (മസ്കറ്റ്), അബ്ദുള്ള (കച്ചവടം, തലശേരി), അമ്ന (വിദ്യാര്‍ഥിനി). മരുമകന്: ഇജ്ജാസ് (മസ്ക്കറ്റ്). സഹോദരങ്ങള്‍: റഹ്മാന്, ഖാലിദ്, ഇസ്മയില്‍, ഇസ്ഹാഖ്.
ദുബായിൽ സെഞ്ചുറി മെക്കാനിക്കൽ കന്പനിയിൽ ഉദ്യോഗസ്ഥനാണ് ദീപ കുമാർ. ഭാര്യ ആതിര, മകൾ അതുല്യ(4) എന്നിവർക്കു പരിക്കേറ്റിട്ടുണ്ട്. കൊച്ചുവേളി, മാധവപുരം, ടൈറ്റാനിയം പി ഒ ടി സി 32/223 ജയ ഭവനിൽ, പി മാധവൻ- പ്രഭുല ദന്പതികളുടെ മൂന്നു മക്കളിൽ ഇളയവനാണ് ദീപകുമാർ.
കിരണ്‍ ജോണി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി പൂമല വട്ടായി വള്ളിത്തോട്ടത്തിൽ ജോണിയുടെ മകനാണ്. അവിവാഹിതനായ കിരൺ അബുദാബി ഫയർകോ കന്പനിയിൽ എൻജിനിയറിംഗ് വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. അമ്മ: ജീന. ഏക സഹോദരൻ ജെറിനും ഗൾഫിലാണ്.
തളിക്കുളം അറയ്ക്കവീട്ടിൽ മുഹമ്മദുണ്ണിയുടെ മകനാണ് അപകടത്തിൽ മരിച്ച ജമാലുദ്ദീൻ (47). ദുബായിൽ സാമൂഹിക പ്രവർത്തകനായ ജമാലുദ്ദീൻ കഴിഞ്ഞ ഏപ്രിലിൽ നാട്ടിൽ വന്നിരുന്നു. 21നാണ് മടങ്ങിപ്പോയത്. ഉമ്മ: നഫീസ. ഭാര്യ: സുലേഖ, മക്കൾ: സുഹാന, ഷാഫിയ (ഇരുവരും വിദ്യാർഥികൾ).
മൊറാഴ പാളിയത്ത്വളപ്പ് സ്വദേശി പുതിയപുരയിൽ രാജൻ ദുബായിൽ സ്റ്റോർ കീപ്പറായി ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. പാളിയത്ത്വളപ്പിലെ പരേതനായ പുതിയപുരയിൽ ഗോപാലൻ-നാരായണി ദന്പതികളുടെ മകനാണ്. ഭാര്യ: സുജന. നേഹ ഏക മകളാണ്. മരുമകൻ: രാഹുൽ.