ദുബായ്: ബലിപെരുന്നാൾ അവധിയും സ്കൂൾ വേനലവധിയും അടുത്തെത്തിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുന്നു.
തിരക്കൊഴിവാക്കാൻ മൂന്നോനാലോ മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് ഫ്ളൈ ദുബായ്, എമിറേറ്റ്സ് എയർലൈൻസ് അധികൃതർ നിർദേശിച്ചു.
ചൊവ്വാഴ്ച ആരംഭിച്ച തിരക്ക് അടുത്തമാസം മൂന്ന് വരെ നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ ഏകദേശം 35 ലക്ഷം പേർ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പെരുന്നാൾ അവധിയിൽ പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം രണ്ടര ലക്ഷത്തിന് മുകളിലാകും.
2019-നു ശേഷമുള്ള ഏറ്റവും തിരക്കേറിയ യാത്രാ സീസണിനായി തയാറെടുക്കുകയാണെന്നും വരുംദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്തുകൊണ്ട് യാത്ര ക്രമീകരിക്കണമെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.