ദുബായ്: ദുബായ് വിമാനത്താവളങ്ങളിൽ ഇനി മുതൽ ഇന്ത്യൻ രൂപ നൽകിയും സാധനങ്ങൾ വാങ്ങാം. യൂറോ, ഡോളർ, ദിർഹം എന്നിവയ്ക്കൊപ്പം ഇന്ത്യൻ രൂപയും ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇനി സ്വീകരിക്കും. ജൂലൈ ഒന്ന് രാവിലെ മുതൽ കൗണ്ടറുകളിൽ രൂപ സ്വീകരിച്ചു തുടങ്ങി.
നൂറു മുതൽ രണ്ടായിരത്തിന്റെ നോട്ടുവരെയാണ് സ്വീകരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലുമാണ് ഇന്ത്യന്‍ രൂപയ്ക്കു സ്ഥാനംലഭിച്ചത്. എന്നാൽ ബാക്കി നൽകുക ദിർഹത്തിലാവും.
നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയെങ്കില്‍ മാത്രമേ ഷോപ്പിംഗ് നടത്താനാവുമായിരുന്നുള്ളൂ. ഇവിടെ സ്വന്തം കറൻസിയിൽ വ്യാപാരം നടത്താവുന്ന 16-മത്തെ രാജ്യമായി ഇന്ത്യ. ഇന്ത്യൻ സഞ്ചാരികളുടെ ബാഹുല്യമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപയും ഉള്‍ക്കൊള്ളിക്കാൻ ഇടയാക്കിയത്.