ദുബായ്: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല. വെള്ളപ്പൊക്കത്തിൽ ഒമാനിൽ 20 പേരും യുഎഇയിൽ നാലുപേരും മരിച്ചു.
ദുബായ് വിമാനത്താവളം ഭാഗികമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഇപ്പോഴും പലഭാഗങ്ങളും വെള്ളത്തിലാണെന്നാണ് റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
വിദേശ വിമാനക്കന്പനികൾ ഉപയോഗിക്കുന്ന ടെർമിനൽ 1ൽ വിമാനങ്ങൾ ഇറങ്ങാൻ തുടങ്ങിയെങ്കിലും പുറത്തേക്കുള്ള വിമാന സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. ബുധനാഴ്ച 300ഓളം വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിനു വിമാനങ്ങൾ വൈകുകയും ചെയ്തു.
എമിറേറ്റ്സിനും ഫ്ളൈ ദുബായും ചെക്ക്-ഇൻ തുറന്നതായി അറിയിച്ചു. ചെക്ക് ഇൻ ചെയ്യാൻ ധാരാളം യാത്രക്കാർ കാത്തിരിക്കുന്നതിനാൽ കാലതാമസം ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കാരണം റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം യുഎഇയിൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളിൽ 250 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു.