കൊച്ചി: താരദമ്പതികളായ ദിലീപും കാവ്യാ മാധവനും ഹണിമൂണ്‍ ആഘോഷിക്കാന്‍ ദുബായിയിലെത്തി. ഇന്നു പുലര്‍ച്ചെ 4.30ന്റെ എമറൈറ്റ് വിമാനത്തിലാണ് താര ദമ്പതികള്‍ ദുബായിലേക്കു തിരിച്ചത്. ഇവിടെ ഒരാഴ്ച്ചത്തെ ഹണിമൂണ്‍ ആഘോഷത്തിനു ശേഷം ഇരുവരും അടുത്തയാഴ്ച തിരിച്ചെത്തും. ഇന്നലെ രാവിലെ 9.45ന് എറണാകുളം നോര്‍ത്തിലെ പിജിഎസ് വേദാന്ത ഹോട്ടലിലായിരുന്നു വിവാഹം. വിവാഹ ചടങ്ങുകള്‍ക്കു ശേഷം ഉച്ചക്ക് 12.30 ഓടെ വധുവരന്മാര് ആലുവയിലെ ദിലീപിന്റെ വീടായ സരോജത്തിലെത്തി. കുടുംബക്കാരെയും അടുത്ത സുഹൃത്തുക്കളെയും മാധ്യമപ്രവര്‍ത്തകരെയും സാക്ഷിയാക്കി ദിലീപിന്റെ അമ്മ സരോജം നിലവിളക്ക് നല്കി മരുമകളെ വീട്ടിലേയ്ക്ക് ആനയിച്ചു.
പെരിയാറിന്റെ തീരത്ത് ശിവക്ഷേത്രത്തിന് അഭിമുഖമായി കൊട്ടാരക്കടവിനടുത്താണ് ദിലീപ് താമസിച്ചിരുന്നത്. കുറച്ചു നാളുകളായി വീടിന്റെ മോടി പിടിപ്പിക്കുന്നതിനായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ആചാരപ്രകാരം വിവാഹത്തിനുശേഷം വധുവിനെ സ്വീകരിക്കാനായിട്ടാണ് വീണ്ടും തുറന്നത്. ആത്യാധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ച ഇവിടെയായിരിക്കും കാവ്യയുടെയും ദിലീപിന്റെയും കുടുംബ ജീവിതം.