ആശംസകൾ നേർന്നുള്ള ഫോണ് വിളി ലഭിക്കാതിരുന്നതിനെ തുടർന്ന് വിഷമത്തിലായ ബാലികയെ നേരിൽ വന്ന് കണ്ട് ഞെട്ടിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അ മക്തൂം.
യുഎഇയുടെ ദേശീയ ദിനമായ ഡിസംബർ ഒന്നിന് യുഎഇ സ്വദേശികളെ തേടി 1971 എന്ന നമ്പരിൽ നിന്നും ഷെയ്ഖ് മുഹമ്മദിന്റെ ആശംസകൾ നേർന്നുള്ള റെക്കോഡ് ചെയ്ത ഫോണ് കോൾ ലഭിച്ചിരുന്നു.
ഈ കോളുകൾ ലഭിച്ചതിനാൽ പ്രായഭേദമന്യേ ആളുകൾ സന്തോഷിച്ചിരുന്നു. ഇവർ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോകൾ പ്രചരിക്കുന്നതിനൊപ്പം ഫോണ് കോൾ ലഭിക്കാത്തതിനാൽ ദുഃഖിതയായ അൽഐൻ സ്വദേശിനിയായ സലാമ അൽ ഖതാനി എന്ന കുട്ടിയുടെയും വീഡിയോ പ്രചരിച്ചിരുന്നു.
തന്റെ എല്ലാ കൂട്ടുകാരെയും ഭരണാധികാരി ഫോണിൽ വിളിച്ചുവെങ്കിലും തന്നെ മാത്രം വിളിക്കാതിരുന്നതാണ് സലാമയെ ഏറെ വിഷമിപ്പിച്ചത്. വീഡിയോ വൈറലായതിനെ തുടർന്ന് സംഭവമറിഞ്ഞ ഭരണാധികാരി സലാമയെ കാണാൻ നേരിട്ടെത്തുകയായിരുന്നു.
“മറ്റുള്ളവർക്ക് ഫോണ് കോൾ മാത്രമേ ലഭിച്ചിരുന്നുള്ള. എന്നാൽ സലാമയുടെ അടുക്കൽ നേരിട്ടെത്തി ഞാൻ ആശംസകൾ നേരുകയാണ്. എന്റ മകളാണ് സലാമ. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരോടും ചെന്ന് പറയു ഞാൻ മോളെ നേരിട്ട് കണ്ടുവെന്ന്’- ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അ മക്തൂം പറഞ്ഞു.