സ്വന്തം ലേഖകൻ
അങ്കമാലി: തൊഴിൽ എന്ന സ്വപ്നത്തിന് സാക്ഷാത്കാരത്തിന്റെ നിറം പകർന്ന് തദ്ദേശസ്ഥാപനം. വിദേശത്തു ജോലി ലഭിച്ച പതിനാലു യുവാക്കൾ തിങ്കളാഴ്ച വിമാനം കയറും. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സ്കിൽസ് എക്സലൻസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള പരിശീലനത്തിലൂടെയാണു പട്ടികജാതി വിഭാഗത്തിലെ യുവാക്കൾക്കു ജോലി ലഭിച്ചത്.
പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി സംസ്ഥാനത്ത് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനു മാത്രമായാണു സംസ്ഥാന സർക്കാർ സ്കിൽസ് എക്സലൻസ് പ്രോഗ്രാം അനുവദിച്ചത്. തൊഴിൽ വകുപ്പിന്റെ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനു കീഴിൽ അങ്കമാലി ടെൽക്കിനു സമീപം ഇൻകൽ പാർക്കിലുള്ള കാന്പസിലായിരുന്നു ഇവർക്കു പരിശീലനം. ഇലക്ട്രീഷ്യൻ, വെൽഡർ, ഫിറ്റർ, ഇൻസ്ട്രുമെന്റേഷൻ, ഫാബ്രിക്കേഷൻ എന്നീ ട്രേഡുകളിലാണു തൊഴിൽ പരിശീലനം നൽകിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കറുകുറ്റി, തുറവൂർ, മഞ്ഞപ്ര, അയ്യന്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിൽപ്പെട്ടവരാണു ഗുണഭോക്താക്കൾ.
ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഖത്തർ പെട്രോളിയം, ഖത്തർ ഗ്യാസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ നടത്തിക്കൊണ്ടിരിക്കുന്ന ഇറാം എൻജിനിയറിംഗ് കന്പനിയുടെ യൂണിറ്റിലാണ് ഇവർക്ക് തൊഴിൽ ലഭിച്ചിട്ടുള്ളത്.
വിദേശത്തേക്കു പോകുന്ന യുവാക്കൾക്കു ബ്ലോക്ക് പഞ്ചായത്ത് സ്കിൽസ് എക്സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രസിഡന്റ് പി. ടി. പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷേർളി ജോസ് അധ്യക്ഷത വഹിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ചെറിയാൻ തോമസ്, കെ. വൈ. വർഗീസ്, ഷാജു വി. തെക്കേക്കര, അനിമോൾ ബേബി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി. എം. വർഗീസ്, സിജു ഈരാളി, എൽസി വർഗീസ്, അംഗങ്ങളായ ടി. പി. ജോർജ്, കെ. പി. അയ്യപ്പൻ, വത്സ സേവ്യർ, വനജ സദാനന്ദൻ, റെന്നി ജോസ്, ഗ്രേസി റാഫേൽ, ബി. ഡി.ഒ. ഏണസ്റ്റ് തോമസ്, ജനറൽ എക്സ്റ്റഷൻ ഓഫീസർ പി. ഡി. അശോകൻ എന്നിവർ പ്രസംഗിച്ചു. കൊച്ചി വിമാനത്താവളത്തിൽ നിന്നു തിങ്കളാഴ്ച രാവിലെ 9.45 നു ശ്രീലങ്കൻ എയർലൈസൻസിന്റെ വിമാനത്തിൽ പുറപ്പെടുന്ന യുവാക്കളുടെ സംഘത്തെ യാത്രയാക്കാൻ റോജി എം. ജോണ് എംഎൽഎ എത്തും.