ഷാര്‍ജ: ‘അടിച്ചുമോനേ’ എന്ന ഇന്നസെന്റിന്റെ ഡയലോഗാണ് ഇതു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുക. ഇതാണ് അടി, വെറുമൊരു ലോട്ടറിയടിയെന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ല കാരണം ഇതൊരൊന്നര അടിയാണ്. ഇത്തവണത്തെ ദുബായ് ഡ്യൂട്ടി ഫ്രീ മില്ല്യണയര്‍ നറുക്കെടുപ്പില്‍ ആറരക്കോടി രൂപയുടെ സമ്മാനം അടിച്ചെടുത്തത് ഒരു മലയാളിയാണ്.
കോട്ടയം കറുകച്ചാല്‍ സ്വദേശി അജേഷ് പത്മനാഭനാണ് ആ ഭാഗ്യവാന്. 10 വര്‍ഷമായി ഷാര്‍ജയില്‍ കഴിയുന്ന അജേഷ് ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയിലെ സ്റ്റോര്‍ കീപ്പറാണ്. 1000 ദിര്‍ഹം വിലയുള്ള 1584 നമ്പര്‍ ടിക്കറ്റ് മൂന്നാഴ്ച മുമ്പ് ഓണ്‍ലൈന്‍ വഴിയാണ് അജേഷ് എടുത്തത്. ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിലായിരുന്നു നറുക്കെടുപ്പ്. ഇടയ്ക്കിടെ ലോട്ടറിയെടുക്കാറുണ്ടെങ്കിലും ഇത്ര വലിയ തുക ആദ്യമായാണ് ലഭിക്കുന്നതെന്ന് അജേഷ് പറഞ്ഞു. ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പം ഷാര്‍ജയിലാണ് അജേഷിന്റെ താമസിക്കുന്നത്.