അബുദാബി: “കേരളത്തിലേക്ക് കൂടുതൽ അറബ് വിനോദ സഞ്ചാരികൾ’ എന്ന ലക്ഷ്യത്തോടെ അബുദാബിയിൽ ആരംഭിച്ച എക്സ്പ്ലോർ കേരളയ്ക്ക് വർണാഭമായ തുടക്കം. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരളത്തിലെ പ്രമുഖ ഹോട്ടൽ റിസോർട്ട് ഓപ്പറേറ്റർമാരാണ് സഞ്ചാരികളെ ആകർഷിക്കുന്നതിനായി ലുലു ഗ്രൂപ്പുമായി സഹകരിച്ച് ഫെസ്റ്റ് നടത്തുന്നത്.
ഫെസ്റ്റ് അബുദാബി ടൂറിസം അഥോറിട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ സുൽത്താൻ ഹമദ് അൽ മുതവ്വ അൽ ദാഹിരിയും ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിംഗ് സൂരിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്നു സുൽത്താൻ അൽ ദാഹിരി പറഞ്ഞു. കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ യുഎഇയിലേക്ക് ആകർഷിക്കുന്നതിനായി അബുദാബി ടൂറിസം അഥോറിട്ടി ലുലു ഗ്രൂപ്പുമായി സഹകരിച്ച് കേരളത്തിലും സമാനമായ ടൂറിസം പ്രമോഷൻ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അറബ് പ്രമുഖരും സ്ഥാനപതിയും ചേർന്ന് ചെണ്ടയിൽ താളമിട്ടത് ഉദ്ഘാടന ചടങ്ങിനു മിഴിവും പുതുമയും സമ്മാനിച്ചു. അബുദാബി ടൂറിസം പോലീസ് മേധാവി ലെഫ്. കേണൽ സുൽത്താൻ അൽ കാബി, ഇന്ത്യ ടൂറിസം ദുബായ് ഓഫീസ് ഡയറക്ടർ ഐ.വി.ആർ. റാവു, ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഓഫീസർ വി. നന്ദകുമാർ,മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഫെസ്റ്റ് നാളെ സമാപിക്കും