മങ്കൊന്പ് : ഭാഗ്യം തേടി മരുഭൂമിയിലെത്തിയ ടോജോയെത്തേടി സൗഭാഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തിൽ. അതും ഗൾഫിൽ നിന്നും ജോലി മതിയാക്കി നാട്ടിലെത്തിയ ശേഷം. കുട്ടനാട് സ്വദേശിയായ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് 11- ാം വാർഡിൽ കായൽപ്പുറം വില്ലുവിരുത്തിൽ മാത്യുവിന്റെ മകൻ ടോജോ മാത്യുവിനെ തേടിയാണ് പതിമൂന്നരക്കോടി രൂപയുടെ അബുദാബി ലോട്ടറിയുടെ ഒന്നാം സമ്മാനമെത്തിയത്.
അബുദാബി സ്കൈ ലൈൻ ജനറൽ കോണ്ട്രാക്ടേഴ്സിലെ സിവിൽ സൂപ്രവൈസറായിരുന്നു ടോജോ. ആറുവർഷം ജോലി ചെയ്തെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാതെ ഒരു മാസം മുന്പ് നാട്ടിലേക്കു പോന്നിരുന്നു. പോരുന്നതിനു മുന്പ് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഒന്പതു മാസങ്ങളായി സുഹൃത്തുക്കൾക്കൊപ്പം അബുദാബി ബിഗ് ലോട്ടറി സ്ഥിരമായി എടുക്കുന്നയാളായിരുന്നു ഇദ്ദേഹം.
ആയിരം ദിർഹം (17000 രൂപയിലധികം) വിലയുള്ള ടിക്കറ്റ് ഇത്തവണയും കന്പനിയിലെ മറ്റു സുഹൃത്തുക്കളുടെ സഹകരണത്തോടെയാണ് എടുത്തത്. ഓരോ മാസവും ടിക്കെറ്റെടുക്കുന്പോൾ കൂട്ടത്തിൽ ആരുടെയെങ്കിലും ഒരാളുടെ പേരിലാകും എടുത്തിരുന്നത്. ജോലി അവസാനിപ്പിച്ച് പോരുന്നതിനാൽ സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്ന് ഇത്തവണ ടോജോയുടെ പേരിലായിരുന്നു ടിക്കറ്റെടുത്തത്. 18 പേർ ചേർന്നായിരുന്നു ഇത്തവണത്തെ ഭാഗ്യപരീക്ഷണം.
അഞ്ഞൂറ് ദിർഹം വിലയുള്ള രണ്ടു ടിക്കറ്റ് എടുക്കുന്പോൾ ഒരെണ്ണം സൗജന്യമായി ലഭിക്കുമായിരുന്നു. ഇക്കാരണത്താലാണ് ആയിരം ദിർഹത്തിന്റെ ടിക്കറ്റ് എടുത്തത്. ഇത്തവണ സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെയാണ് ഭാഗ്യം ടോജോയ്ക്കൊപ്പമെത്തിയത്.
ഡൽഹിയിൽ നഴ്സായ ഭാര്യയ്്ക്കൊപ്പം കഴിയുന്ന ടോജോ ഓഗസ്റ്റ് മൂന്നിനു മുന്പ് സമ്മാനത്തുക ഏറ്റുവാങ്ങുന്നതിനായി ഗൾഫിലേക്ക് തിരിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. സമ്മാനത്തുകയായി കിട്ടുന്ന പണമുപയോഗിച്ച നാട്ടിലൊരു ചെറിയ വീടുവയ്ക്കണമെന്ന മോഹം മാത്രമാണിപ്പോൾ ടോജോയുടെ മനസിൽ.