കുറവിലങ്ങാട്: ദുബായ് ഡ്യൂട്ടി ഫ്രീ ഓണ്‍ലൈനിൽ ലോട്ടറി നന്പറിനായി പരതിയപ്പോൾ രതീഷ് കണ്ണുവച്ചത് 1608-ാം നന്പറിലായിരുന്നു.1608 എന്ന നന്പറിന് രതീഷിന് വലിയ പ്രാധാന്യമുണ്ട്. അത് രതീഷിന്റെ ജനനത്തീയതിയാണ്. ആഗസ്റ്റ് 16. ജനനത്തീയതിയെ ലോട്ടറി നന്പറാക്കി മുന്‍പൊരിക്കൽ ലോട്ടറിയെടുത്തിട്ടും ഭാഗ്യം കടാക്ഷിച്ചിരുന്നില്ല. എന്നാൽ ആ നന്പറിൽ നിന്ന് പിടിവിടാൻ രതീഷ് തയ്യാറായിരുന്നില്ല.
ജനനത്തീയതിലുള്ള കടുംപിടുത്തം ഇക്കുറി സമ്മാനിച്ചത് ഏഴു കോടിയുടെ ഭാഗ്യമാണ്. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് രതീഷ് ഓണ്‍ലൈനിൽ ലോട്ടറിയെടുത്തത്. മേയ് 28നാണ് നറുക്കെടുപ്പും ഫലപ്രഖ്യാപനവും നടന്നത്. ഏഴുകോടിയുടെ ലോട്ടറിയടിച്ചുവെന്നത് ഇപ്പോഴും പൂർണമായി ഉൾക്കൊള്ളാനായിട്ടില്ലെന്ന് രതീഷ് പറയുന്നു. ഭാര്യ രമ്യയും ഇതേ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസത്തേതിൽ നിന്നുള്ള വലിയ മാറ്റം. അതങ്ങ് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. രതീഷ് ദുബായിൽ നിന്ന് ‘ രാഷ്ട്രദീപികയോട് ’ പറഞ്ഞു.
ലോട്ടറിയടിച്ചതോടെ ഫോണ്‍ കോൾ സംസാരമാണ് പ്രധാന പരിപാടിയെന്ന് രതീഷ് പറയുന്നു. നാട്ടിൽ നിന്ന് സ്വന്തക്കാരും ബന്ധുജനങ്ങളുമടക്കം ഒരുപാടുപേർ വിളിച്ചു. സുഹൃത്തുക്കളും സഹപാഠികളും വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നടക്കം കോളുകൾ എത്തിയതായി രതീഷ് പറഞ്ഞു. നാട്ടിൽ നിന്ന് വിവിധ ബാങ്ക് അധികൃതരും വിളിച്ച് സംസാരിച്ചു.
ലോട്ടറി തുകയുടെ വിനിയോഗം സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് രതീഷ് പറഞ്ഞു. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി കൂടി ആലോചിച്ച് തീരുമാനിക്കും. പണം ലഭിക്കാൻ ഒരു മാസത്തോളം സമയം വേണ്ടിവന്നേക്കുമെന്നാണ് കണക്കുകൂട്ടൽ.
നാട്ടിലെ ലോട്ടറിയിൽനിന്ന് വ്യത്യസ്തമായി മുഴുവൻ തുകയും സമ്മാനതുകയായി ലഭിക്കും. നികുതിയിനത്തിൽ കുറവുണ്ടാകില്ല. ഫോണിൽ സന്തോഷവും അഭിനന്ദനവുമായി പലരും വിളിക്കുന്പോഴും ഇതൊക്കെ ഇനിയും സത്യമോ എന്ന ഭാവത്തിലാണ് രതീഷും രമ്യയും.