ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാം! വഴിയില്‍ നിന്ന് കിട്ടിയ ബാഗില്‍ കോടികള്‍ വിലവരുന്ന ആഭരണങ്ങള്‍; കളഞ്ഞുകിട്ടിയ ബാഗ് തിരികെയേല്‍പ്പിച്ച ഇന്ത്യന്‍ ശുചീകരണത്തൊഴിലാളിയെ ആദരിച്ച് ദുബായ് പോലീസ്

പൊതുവേ ഇന്ത്യക്കാരുടെ സത്യസന്ധതയെക്കുറിച്ച് അത്രനല്ല അഭിപ്രായമല്ല, വിദേശികള്‍ക്കുള്ളതെങ്കിലും ആ അഭിപ്രായം മാറ്റിയെടുക്കാന്‍ സാധിക്കുന്ന ഒരു വാര്‍ത്തയാണ് ദുബായിയില്‍ നിന്നും പുറത്തുവരുന്നത്. കളഞ്ഞുകിട്ടിയ ഒരു ബാഗ് നിറയെ സ്വര്‍ണവും വജ്രവും തിരികെയേല്‍പ്പിച്ച ആളിനെ ദുബായ് പോലീസ് ആദരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വെങ്കിട്ടരാമന്‍ എന്ന ഇന്ത്യക്കാരനെയാണ് അദ്ദേഹത്തിന്റെ സത്യസന്ധതയുടെ പേരില്‍ ദുബായ് പോലീസ് ആദരിച്ചത്. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നതിനിടയില്‍ എങ്ങനെയെങ്കിലും കുടുംബത്തെ പോറ്റണമെന്ന് മാത്രമായിരുന്നു വെങ്കിട്ടരാമണന്റെ ചിന്ത.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം അല്‍ ഖിസീന്റെ തെരുവോരത്ത് കൂടി നടക്കുമ്പോള്‍ വെങ്കിട്ടരാമണന് ഒരു ബാഗ് ലഭിച്ചു. തുറന്ന് നോക്കിയപ്പോള്‍ നിറയെ വജ്രം പതിച്ച ആഭരണങ്ങള്‍. പിന്നെ ഒന്നുമാലോചിച്ചില്ല, നേരെ ഖിസീസ് പോലീസ് സ്റ്റേഷനിലേക്ക് കയറി ചെന്ന് ബാഗ് പോലീസുകാര്‍ക്ക് കൈമാറി വിവരം പറഞ്ഞു. ബാഗ് തുറന്ന് നോക്കിയ പോലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ബാഗിലുണ്ടായിരുന്നത് ഏതാണ്ട് രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം മൂന്നര കോടി രൂപ) വില വരുന്ന ആഭരണങ്ങളായിരുന്നു.

ഇത്രയും വിലപിടിപ്പുള്ള ആഭരണങ്ങള്‍ തിരികെ ഏല്‍പ്പിച്ച വെങ്കിട്ടരാമണന്റെ സത്യസന്ധത തിരിച്ചറിഞ്ഞ ദുബായ് പോലീസ് അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആദരിച്ചു. അല്‍ ഖിസീസ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അബ്ദുള്ള സലീം അല്‍ ഉബൈദിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കൈനിറയെ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കിയാണ് വെങ്കിട്ടരാമണനെ പോലീസ് സ്റ്റേഷനില്‍ നിന്നും യാത്രയാക്കിയത്. ബാഗിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

 

Related posts