സ്റ്റേജ് പരിപാടി അവതരിപ്പിക്കാനെന്ന വ്യാജേന ഇടനിലക്കാരന് വഴി ദുബായിയിലെ പെണ്‍വാണിഭ സംഘത്തില്‍ എത്തപ്പെട്ട മലയാളി നര്‍ത്തകിയെ മോചിപ്പിച്ചു. കാസര്‍ഗോഡ് സ്വദേശിയായ 19 വയസുകാരിയെയാണു മാധ്യമപ്രവര്‍ത്തകനും അബുദാബി കമ്മ്യൂണിറ്റി പോലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ സമയോചിതമായ ഇടപെടലിലൂടെ ചതിക്കുഴിയില്‍ നിന്നും രക്ഷിക്കാനായത്. അതേസമയം കാസര്‍ഗോട്ടെ ചിലര്‍ക്കു തമിഴ്നാട് പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടോയെന്നതു സംബന്ധിച്ചു പോലീസ് പരിശോധിക്കുമെന്നു ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍ പറഞ്ഞു.
ഏപ്രില്‍ 23നാണ് ചെന്നൈയിലെ ഇടനിലക്കാരന് രവി വഴി യുവതി ദുബായിയില്‍ എത്തിയത്. അവിടെ എത്തിയപ്പോള്‍ തന്നെ ചതിയാണെന്ന് യുവതി തിരിച്ചറിഞ്ഞിരുന്നു. പലര്‍ക്കും കാഴ്ചവയ്ക്കാനാണു തന്നെ എത്തിച്ചതെന്നു മനസിലാക്കിയ യുവതി ആദ്യം ഭര്‍ത്താവിനെ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്നാണു കാസര്‍ഗോഡ് ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണിന് ഭര്‍ത്താവ് പരാതി നല്‍കുന്നത്.
ഇവരുടെ ഇടപെടലിലൂടെ ബിജു കരുനാഗപ്പള്ളിയെ യുവതി വാട്സ് ആപ്പിലൂടെ തന്റെ അവസ്ഥ ബോധിപ്പിച്ചു. തുടര്‍ന്ന് ബിജു നടത്തിയ സമയോചിത ഇടപെടലിലൂടെ ദേര പോലീസ് യുവതിയെ പൂട്ടിയിട്ടിരുന്ന സ്ഥലം കണ്ടെത്തി. പോലീസ് എത്തുമ്പോള്‍ 15 ഓളം യുവതികളെ പൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. ഇവരെ പോലീസ് മോചിപ്പിച്ചു. യുവതികളെ ദുബായില്‍ എത്തിച്ച തമിഴ്നാട് സ്വദേശികളോട് പോലീസ് സ്റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ ഇടപെടലിലൂടെ യുവതിക്ക് ഇന്ന് നാട്ടില്‍ തിരിച്ചെത്താന്‍ കഴിയും.