പതിനഞ്ചു സെക്കൻഡു കൊണ്ട് എന്തൊക്കെ ചെയ്യാം. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്ന് പറയുന്നവർ ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറലിന്റെ വാക്കുകൾ ശ്രദ്ധിക്കുക.
എമിഗ്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ സ്മാർട്ട് ആയി ഉപയോഗിച്ചാൽ 15 സെക്കൻഡിനുളളിൽ സന്ദർശക വീസ ലഭിക്കുമെന്ന് ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമദ് അൽമർ പറയുന്നു.
ദുബായിയിൽ അന്പത് ശതമാനം ആളുകളും സ്മാർട് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു മാസത്തിനുള്ളിൽ 100 ശതമാനം ആക്കാനാണ് ദുബായിയിലെ വിവിധ വകുപ്പ് അധികൃതരുടെ ശ്രമം. എമിഗ്രേഷൻ കേന്ദ്രങ്ങളിൽ ആളുകൾ നേരിട്ടെത്തി ക്യൂ നിന്നിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഉപയോക്താക്കൾക്കു സന്തോഷം നൽകുന്ന കൂടുതൽ പദ്ധതികൾ ഉടനുണ്ടാകുമെന്നും അൽമർ പറഞ്ഞു.
നാടിന്റെ വികസനത്തിനൊപ്പം നാട്ടുകാരുടേയും തങ്ങളുടെ നാട്ടിൽ വിരുന്നെത്തുന്നവരുടേയുമൊക്കെ സുഖസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ദുബായ് പോലുള്ള രാഷ്ട്രങ്ങളുടെ ശ്രമം.
ജനങ്ങളെ എങ്ങനെ കൂടുതൽ ബുദ്ധിമുട്ടിക്കാമെന്നല്ല മറിച്ച് എങ്ങനെ അവരെ സഹായിക്കാമെന്ന കാഴ്ചപ്പാടാണ് അവിടെ ഭരണാധികാരികൾക്കും വകുപ്പ് മേധാവികൾക്കും.