കാഞ്ഞങ്ങാട്: തൊഴില്‍ തട്ടിപ്പിനിരയായി ദുബായിയില്‍ കുടുങ്ങിയ കാഞ്ഞങ്ങാട്ടും പരിസരത്തുമുള്ള ഒന്‍പത് യുവാക്കള്‍ക്ക് കെഎംസിസി പ്രവര്‍ത്തകര്‍ രക്ഷകരായി. പഴയങ്ങാടി സ്വദേശിയുടെ കെണിയില്‍ കുടുങ്ങിയ കാഞ്ഞങ്ങാട്, കുറ്റിക്കോല്‍, ചെര്‍ക്കള, പടുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് യുവാക്കളാണ് ഭക്ഷണം പോലും കിട്ടാതെ വലഞ്ഞത്. ഒരാഴ്ച മുമ്പാണ് ഇവർ ദുബായിലെത്തിയത്.
ദുബായി സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് വാഗ്ദാനം ചെയ്താണ് പഴയങ്ങാടി സ്വദേശി ഇവരില്‍ നിന്ന് അരലക്ഷം രൂപ വീതം കൈക്കലാക്കിയത്. പിന്നീട് വിസിറ്റിംഗ് വിസ തരപ്പെടുത്തുകയും ചെയ്തു. അര്‍ധരാത്രി ദുബായിലെത്തിയ ഇവര്‍ ആറുമണി വരെ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞശേഷം ടാക്സിയില്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചെന്ന് ജോലി അന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് തങ്ങള്‍ തട്ടിപ്പിനിരയായതായി യുവാക്കള്‍ തിരിച്ചറിഞ്ഞത്.
ഇതിനിടയില്‍ അതിയാമ്പൂര് പാര്‍ക്കോ ക്ലബ് പ്രസിഡന്റ് സാലു ദുബായിലുള്ള സുഹൃത്ത് കോട്ടച്ചേരിയിലെ ഹരിയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മദീന സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അന്‍വര്‍, മാനേജര്‍ നാസര്‍ എന്നിവര്‍ ഇടപെടുകയും അന്ന് ഭക്ഷണവും താമസിക്കാനുള്ള സൗകര്യവും നല്കി.
ദുബായ് കെഎംസിസി ജോബ് വിംഗ് കണ്‍വീനര്‍ സിയാദ് അഹമ്മദ്, സമീര്‍ മുഹമ്മദ് എന്നിവര്‍ ഹരി നല്കിയ വിവരമനുസരിച്ച് യുവാക്കളുടെ താമസസ്ഥലത്തെത്തി എല്ലാവര്ക്കും ജോലി വാഗ്ദാനം നല്‍കുകയും ചെയ്തു.സോനാപൂരിലെ മദീന ഹോട്ടലുടമ അന്‍വര്‍, മാനേജര്‍ നാസര്‍, മാധവന് അണിഞ്ഞ, ഷാഡോ കാസര്‍ഗോഡിന്റെ പ്രവര്‍ത്തകര്‍, കെഎംസിസിയുടെ പ്രവര്‍ത്തകരായ സിയാദ്, സമീര്‍, നജീബ്, ടീം യുഎഫ്കെ അംഗങ്ങള്‍ എന്നിവരുടെ സുമനസും കാരുണ്യവുമാണ് ഈ ഒന്‍പത് യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത്.