കണ്ണൂർ: ദുബായിയിൽ നിന്ന് എത്തിയ എട്ടുപേരെ കോവിഡ്-19 നിരീക്ഷണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഇവരെ പരിശോധനയ്ക്കു ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐസോലേഷൻ വാർഡിൽ 10 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
ഇവരുടെ രക്തസാന്പിളുകൾ തിരുവനന്തപുരം വൈറോളജി ഡിപ്പാർട്ട്മെന്റിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം വന്നശേഷമേ ഇവരെ വീടുകളിലേക്ക് അയയ്ക്കുകയുള്ളൂ.
അതേസമയം ജില്ലാ ആശുപത്രിയിലെ റോട്ടറി പേവാർഡ് ഐസൊലേഷൻ വാർഡാക്കി മാറ്റി. വിദേശരാജ്യങ്ങളിൽനിന്നു കൂടുതൽ പേർ നാട്ടിലെത്തുന്ന സാഹചര്യത്തിൽ ഇവരെ നിരീക്ഷിക്കാൻ മറ്റൊരു പേവാർഡ് കൂടി ഐസൊലേഷൻ വാർഡാക്കി മാറ്റും.
പേവാർഡിലെ 13 കിടക്കകൾ ഉൾപ്പെടെ 28 കിടക്കകൾ സജ്ജമാക്കി കഴിഞ്ഞു. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.
ജനറൽ മെഡിസിൻ-10, ചെസ്റ്റ് സ്പെഷലിസ്റ്റ്-5, അനസ്തീഷ്യോളസ്റ്റുകൾ-6 എന്നിങ്ങനെയാണ് ഡോക്ടർമാരെ സജ്ജമാക്കിയിരിക്കുന്നത്.
നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സംഘവും ഇവർക്കൊപ്പമുണ്ടാകും. കൂടുതൽ സൗകര്യങ്ങൾ ആവശ്യമെങ്കിൽ താത്കാലിക ആശുപത്രിയും സജ്ജീകരിക്കും.
ഹോട്ടലുകളിലും റിസോർട്ടുകളിലും പരിശോധന
കണ്ണൂർ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ റിസോർട്ടുകളിലും ആയുർവേദ കേന്ദ്രങ്ങളിലും പോലീസ് പരിശോധന തുടങ്ങി.
വിനോദസഞ്ചാരത്തിനും ആയുർവേദ ചികിത്സയ്ക്കുമായി എത്തിയ വിദേശ സഞ്ചാരികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
ഇവരുടെ യാത്രാരേഖകൾ പരിശോധിച്ച ശേഷം നിർബന്ധിതമായി കൊറോണ വൈറസ് ബാധ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് നിന്നെത്തിയവർ താമസിക്കുന്ന സ്ഥലങ്ങളിൽ ബോധവത്കരണവും നടത്തും.
മാഹിയിൽ മൂന്നുപേർ നിരീക്ഷണത്തിൽ
മാഹി: പുതുച്ചേരി സംസ്ഥാനത്ത് ഇതുവരെ ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് പുതുച്ചേരി ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ ഡോ.മോഹൻകുമാർ അറിയിച്ചു.
നിലവിൽ മൂന്നുപേർ പുതുച്ചേരി ജിപ്മർ, പിമ്സ്, ഗവ. ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിരീക്ഷണത്തിലുണ്ട്. ഇവരുടെ ആദ്യ ഫലങ്ങൾ നെഗറ്റീവാണ്.
മാഹിയിൽ മൂന്നുപേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ നിരീക്ഷണത്തിൽ കഴിയവെ കോഴിക്കോട് ബീച്ചാശുപത്രിയിൽ നിന്ന് ബന്ധുവിനൊപ്പം കടന്നുകളഞ്ഞ സ്ത്രീയെ മാഹി ആരോഗ്യ വകുപ്പ് പോലീസിന്റെ സഹായത്തോടെ വീണ്ടും മാഹി ഗവ.ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.ഗൾഫിൽ നിന്നെത്തിയ രണ്ടു പേർ വീടുകളിൽ നിരീക്ഷണത്തിലുമുണ്ട്.
മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ, ഡോ.വി.രാമചന്ദ്രൻ എംഎൽഎ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി.വിദേശങ്ങളിൽ നിന്നെത്തുന്നവർ സ്വമേധയാ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കാത്തത് അധികൃതരെ കുഴക്കുകയാണ്.