ദുബായ് ദെയ്റ ഐലൻഡിലേക്കുള്ള പാലത്തിന്റെ നിർമാണം 75 ശതമാനം പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ) അറിയിച്ചു. ഇരു ദിശകളിലേക്കും ആറുവരി വീതമുള്ള മൂന്നു പാലങ്ങളുടെ നിർമാണമാണ് പുരോഗമിക്കുന്നത്.
ഷിൻദഗ ഇടനാഴി പദ്ധതിയുമായി ബന്ധിപ്പിക്കുന്ന റോഡുകളും ഇതോടനുബന്ധിച്ച് പൂർത്തിയാക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശം നൽകിയിരുന്നു.
വാട്ടർ കനാലിനു കുറുകെ നഗരത്തെ ദ്വീപുമായി ബന്ധിപ്പിക്കുന്ന പാലങ്ങളുടെ നിർമാണം ജൂണിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. നഖീലിന്റെ സഹകരണത്തോടെയാണ് നിർമാണം.
പാലം യാഥാർഥ്യമാകുന്നതോടെ അൽഖലീജ്, അബൂബക്കർ അൽ സിദ്ധിഖ് സ്ട്രീറ്റുകളിൽനിന്ന് ദെയ്റ ഐലൻഡിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാകും.
1.6 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പാലത്തോടൊപ്പം 140 മീറ്റർ സ്ലിപ് റോഡും നിർമിക്കുന്നുണ്ട്.