മരണമെന്ന ഭയമില്ലാത്തവർക്ക് സാഹസികതയെന്ന വാക്കിനോട് തന്നെ പുച്ഛമായിരിക്കും. ഈ വാക്കുകൾ സത്യമാണെന്നു തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയായിൽ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
ദുബായിലാണ് സംഭവം. മറീനയിലെ 43 നിലകളുള്ള അൽ ദാർ അംബരചുംബിക്കു മുകളിലൂടെ ഇരുപത്തി മൂന്നുകാരനായ ഡേവിഡ് നെൽമെസ് അതിസാഹസികമായി ഓടി നടക്കുന്നതാണ് ദൃശ്യങ്ങളിൽ. നിലത്തു നിന്നും 242 അടി ഉയരത്തിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ നിർമിച്ചിരിക്കുന്ന കോണ്ക്രീറ്റ് പാളികളിലേക്ക് യാതൊരു ഭയലുമില്ലാതെ അദ്ദേഹം ചാടിക്കടക്കുന്നതാണ് ദൃശ്യങ്ങളിൽ. ഒരു ചുവടു പിഴച്ചാൽ മരണത്തിലേക്കാണ് അദ്ദേഹം ചെന്നു പതിക്കുക.
തന്റെ പതിനേഴാം വയസു മുതൽ ഇത്തരത്തിൽ സാഹസികത കാണിക്കുന്നയാളാണ് യോർക്ക്ഷെയറിലെ ലീഡ്സ് സ്വദേശിയായ നെൽമെസ്. ആറു വർഷമായി പാർക്കൗർ പരിശീലിക്കുന്ന തനിക്ക് ഇത്തരമുള്ള സാഹസികപരിപാടികൾക്കിടയിൽ ധാരാളം പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മനസിന് ശാന്തതയും ഏകാഗ്രതയും കൈവരിക്കാൻ സാധിച്ചാൽ ഇത്തരം സാഹസിക പ്രവർത്തികൾ സുഗമമായി ചെയ്യാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മാത്രമല്ല പരിശീലനം നടത്താതെ ആരും ഇത് ചെയ്യരുതെന്നും അദ്ദേഹം ആവർത്തിച്ചു പറയുന്നു.