പോലീസുകാരെ കുറിച്ച് നാനാഭാഗത്തു നിന്നും പരാതികളും കുറ്റങ്ങളും മാത്രം കേട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ദുബായ് പോലീസ് വീണ്ടും ജനങ്ങളുടെ ആദരവ് നേടിയിരിക്കുന്നു. ജനങ്ങളുടെ സേവകനാണ് പോലീസെന്ന സത്യം പല പോലീസുകാരും മറന്നു പോകുന്പോഴാണ് അജ്ഞാതനായ ആ ദുബായ് പോലീസുകാരൻ അക്ഷരാർഥത്തിൽ ജനസേവകനായത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ദുബായ് പോലീസ് ഓഫീസർ വഴിയിൽ ഒരാൾ വിഷണ്ണനായി നിൽക്കുന്നത് കണ്ട് വണ്ടിയിൽ നിന്നിറങ്ങി കാര്യം തിരക്കി. മലയാളിയായ അബ്ദുൾ വഹാബ് എന്നയാളാണ് വഴിയിൽ നിന്നിരുന്നത്. വഹാബിന്റെ കാറിന്റെ മുൻചക്രം പൊട്ടി യാത്ര മുടങ്ങിയിരിക്കുകയായിരുന്നു.
കടുത്ത ചൂടിൽ ആരും സഹായിക്കാനില്ലാതെ വഹാബ് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്പോഴാണ് ഈ പോലീസ് ഓഫീസർ എത്തിയത്. കാറിനടിയിലേക്ക് കയറി തകരാർ പരിഹരിക്കാൻ വഹാബിന് കാൽമുട്ടു വേദന മൂലം കഴിഞ്ഞിരുന്നില്ല. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ആ പോലീസ് ഓഫീസർ മറ്റൊന്നും ചിന്തിക്കാതെ ഉടൻ തന്നെ കാറിനടിയിലേക്ക് നുഴഞ്ഞു കയറി തകരാർ നോക്കി ടയർമാറ്റിയിട്ട് കാർ നന്നാക്കി.
കുറേ നേരം പാടുപെട്ടാണത്രെ ടയർ മാറ്റിയത്. ബർദുബായ് പോലീസ് സ്റ്റേഷനിലെ ഓഫീസറായിരുന്നു അദ്ദേഹം. ഷാർജയ്ക്കും അജ്മാനും ഇടയിലുള്ള എമിറേറ്റ്സ് റോഡിൽ രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. രാത്രി മുഴുവൻ ഡ്യൂട്ടി ചെയ്ത് ക്ഷീണിച്ച് രാവിലെ വീട്ടിലേക്ക് വിശ്രമിക്കാനായി പോകും വഴിയാണ് ആ പോലീസ് ഓഫീസർ കാർ നന്നാക്കാൻ സൻമനസ് കാണിച്ചത്. ഇതാണ് പോലീസ്….ഇങ്ങനെയാകണം പോലീസ്…സല്യൂട്ട് സർ…