അബുദാബി: ദുബായിക്കു പിന്നാലെ അബുദാബിയിലും ടോൾ ഗേറ്റുകൾ നിലവിൽ വരുകയാണ്. നിരത്തിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയും കൂടുതൽ ആളുകളെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണു ഭരണകൂടത്തിന്റെ നടപടി. ദുബായിയിലെ സാലിക് ടാഗുകൾ അബുദാബി ടോൾ ഗേറ്റുകളിൽ പ്രയോജനപ്പെടുമോ എന്നതായിരുന്നു ഇതിനോട് അനുബന്ധിച്ച് ഉയർന്ന പ്രധാന സംശയം. ഇതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് അബുദാബി ഭരണകൂടം.
സാലിക് ടാഗ്?
ദുബായിലിലെ സാലിക് ടാഗുകൾ അബുദാബിയിൽ പ്രയോജനപ്പെടില്ല. കാരണം ഈ രണ്ട് എമിരേറ്റുകളിലെയും ടോൾ സംവിധാനം വ്യത്യസ്തമാണ്. ദുബായ് സാലിക് ടാഗുകളിലൂടെ ടോൾ പിരിക്കുന്പോൾ, നന്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനത്തിലൂടെയാണ് അബുദാബിയിലെ ടോൾ പിരിവ്. വാഹനത്തിന്റെ വിൻഡ്സ്ക്രീനിലാണ് ദുബായിലിൽ സാലിക് ടാഗ് പതിപ്പിക്കുന്നത്.
ടോൾ വഴികൾ?
ഒക്ടോബർ പതിനഞ്ചു മുതൽ അബുദാബിയിലെ നാലു പാതകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ് ടോൾ നൽകേണ്ടി വരിക. ഷെയ്ക് സയിദ്, ഷെയ്ക് ഖലീഫ ബിൻ സയിദ്, അൽ മക്ത, മുസഫ പാലങ്ങളിൽ ടോൾ ഗേറ്റുകൾ നിലവിൽ വരും. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴു മുതൽ ഒന്പതു മണി വരെയും വൈകിട്ട് അഞ്ചു മുതൽ ഏഴു മണി വരെയും നാലു ദിർഹമായിരിക്കും നിരക്ക്. വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും തിരക്കില്ലാത്ത സമയങ്ങളിലും രണ്ടു ദിർഹമാണു ടോൾ നിരക്ക്.
രജിസ്ട്രേഷൻ?
വാഹനത്തിന്റെ നന്പർ പ്ലേറ്റിലാണ് ടോൾ പിരിവിനുള്ള രജിസ്ട്രേഷൻ നടത്തുക. ഗതാഗത വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണു രജിസ്ട്രേഷൻ. തുടർന്ന് യൂസർ ഐഡിയും രഹസ്യ കോഡും എസ്എംഎസ് ആയി ലഭിക്കും. ഇതുപയോഗിച്ചാണ് അക്കൗണ്ടിൽ പണം നിറയ്ക്കേണ്ടത്. അക്കൗണ്ട് ബാലൻസ് എസ്എംഎസായി അറിയാൻ കഴിയും. ഇതിനായി പ്രത്യേക ചിപ്പ് വാഹനത്തിൽ ഘടിപ്പിക്കേണ്ട ആവശ്യമില്ല. മറ്റ് എമിരേറ്റുകളിലുള്ളവർ ഓണ്ലൈൻ വഴി രജിസ്റ്റർ ചെയ്യണമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
പിഴ?
നിയമം പാലിക്കാത്ത വാഹന ഉടമകൾക്കു പിഴചുമത്തും. രജിസ്ട്രേഷൻ നടത്താതെ ഗേറ്റ് കടന്ന വാഹനത്തിന് ആദ്യ തവണ പത്തു ദിവസം രജിസ്ട്രേഷനായി അനുവദിക്കും. ഈ കാലാവധിക്കു ശേഷവും രജിസ്ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ഗേറ്റ് കടന്നാൽ ആദ്യ ദിനം 100 ദിർഹമാണു പിഴ. ടോളിൽനിന്നും രക്ഷപെടാൻ നന്പർ പ്ലേറ്റ് കേടുവരുത്തുകയോ ഇ പേമെന്റ് മെഷീൻ കേടുവരുത്തുകയോ ചെയ്താൽ 10,000 ദിർഹമായിരിക്കും പിഴ.
ടോൾ ഒഴിവ്?
ആംബുലൻസുകൾ, സായുധ സേനകളുടെ വാഹനങ്ങൾ, സിവിൽ ഡിഫൻസ്, പബ്ലിക് ബസുകൾ, അബുദാബി ലൈസൻസുള്ള ടാക്സി വാഹനങ്ങൾ, സ്കൂൾ ബസുകൾ, പോലീസ്-ആഭ്യന്തര മന്ത്രാലയം എന്നിവയുടെ വാഹനങ്ങൾ, ട്രെയിലറുകൾ, മോട്ടോർസൈക്കിളുകൾ എന്നിവയ്ക്ക് ഈ റോഡുകൾ വഴി ടോൾ ഇല്ലാതെ കടന്നു പോകാം, ഇലക്ട്രിക് വാഹനങ്ങൾക്കും രണ്ടു വർഷത്തേക്കു ടോൾ ഇളവ് ലഭിക്കും.
ടോൾ ഏർപ്പെടുത്തുന്നതോടെ മണിക്കൂറിൽ 4000 വാഹനങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണു ഭരണകൂടത്തിന്റെ വിലയിരുത്തൽ. 2007 മുതൽ ദുബായിയിൽ ടോൾ ഗേറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.