ഒന്നേകാൽ മില്യണ്‍ ദിർഹവും 12,410 മൊബൈൽ ഫോണുകളും മറക്കാൻ സാധിക്കുക എന്നത് ഒരർത്ഥത്തിൽ ഭാഗ്യമാണ്.
എന്നാൽ ടാക്സികളിൽ കയറി വിലപിടിപ്പുള്ള സാധനങ്ങളും പണവും മറന്നു വയ്ക്കുന്നത് അത്ര ഭാഗ്യം അല്ല.
ദുബായിലെ യാത്രക്കാർ ടാക്സികളിൽ യാത്രക്കിടെ മറന്നു വെക്കുന്ന വസ്തുക്കളുടെ കണക്ക് കേട്ടാൽ ഞെട്ടും.
1.2 മില്യണ്‍ ദിർഹം കറൻസികൾ, 12410 മൊബൈൽ ഫോണുകൾ, 2819 ഇലക്ട്രോണിക് ഉപകരണങ്ങൾ, 766 പാസ്പോർട്ടുകൾ, 342 ലാപ്ടോപ്പുകൾ… പട്ടിക അങ്ങനെ നീളുകയാണ്
ദുബായ് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റിക്ക് ലഭിച്ച കണക്കുകളാണിത്.കഴിഞ്ഞ ആറുമാസത്തിനിടെ ദുബായ് നഗരത്തിലെ ടാക്സികളിൽ യാത്രക്കാർ മറന്നുവച്ചുപോയ വസ്തുക്കളാണിതെല്ലാം.
ജനുവരി മുതൽ ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 44062 പേർ ടാക്സികളിൽ വസ്തുക്കൾ മറന്നുവച്ചതായുള്ള റിപ്പോർട്ടുകൾ അഥോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഒരു യാത്രക്കാരൻ കാറിൽ മറന്നുവച്ചത് ഒരു മില്യണ്‍ ദിർഹമാണ്. കാർ ഓടിച്ചിരുന്ന ദുബായ് ടാക്സി കോർപ്പറേഷനിലെ നാൻസി ഒർഗോ ഈ പണം റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റിക്ക് കൈമാറിയിരുന്നു.
നാൻസിയുടെ സത്യസന്ധതയെ അഭിനന്ദിച്ച് കോർപ്പറേഷൻ ഇവരെ ആദരിക്കുകയും പാരിതോഷികം നൽകുകയും ചെയ്തു.