ഓട്ടങ്ങളൊന്നുമില്ലാതെ സ്റ്റാൻഡിൽ വെറുതെ കിടക്കുന്ന നമ്മുടെ നാട്ടിലെ ടാക്സി ഡ്രൈവർമാർ കൊതിയോടെ പറയുന്നു..ദുബായിയിൽ ടാക്സി ഡ്രൈവറാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്….
കാരണം ദുബായിയിൽ ഇപ്പോൾ ടാക്സി ഡ്രൈവർമാർക്ക് ചാകരയാണ്.
ടാക്സി ഡ്രൈവർമാരുടെ കുറവ് പരിഹരിക്കാൻ ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) നടപടികൾ ആരംഭിച്ചതോടെ ഡ്രൈവർമാർക്ക് തൊഴിലവസരങ്ങൾ കൂടി.
കൂടുതൽ ടാക്സി ഡ്രൈവർമാരെ ദുബായിയുടെ നിരത്തിൽ നിയമിക്കാനാണ് ആർ.ടി.എ തീരുമാനം.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദേരയിലെ അബൂഹായിൽ സെന്ററിൽ നടന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഡ്രൈവർമാരുടെ നീണ്ട നിരയാണ് കണ്ടത്.
ഡ്രൈവറായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2000 ദിർഹവും കമ്മീഷനുമാണ് ശന്പളമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പുറമെ ബോണസും താമസ സൗകര്യവും ആരോഗ്യ ഇൻഷുറൻസും വാഗ്ദാനം ചെയ്തിട്ടുണ്ട്.
23 നും 55 നും ഇടയിൽ പ്രായമുള്ള യു.എ.ഇ റസിഡൻസി വിസയും ഐഡിയും ഉള്ളവർക്ക് മാത്രമാണ് അവസരം.
ആർ.ടി.എക്ക് കീഴിൽ പ്രവർത്തിക്കുന്ന ദുബായ് ടാക്സി കോർപറേഷന് 24 മണിക്കൂറും പ്രവർത്തിക്കുന്ന 5700 വാഹനങ്ങളാണുള്ളത്.
ദുബായ് എക്സ്പോ ആരംഭിച്ചത് മുതൽ ഡ്രൈവർമാരുടെ ആവശ്യകത ഗണ്യമായി ഉയർന്നതാണ് ആർ.ടി.എയെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചത്.
കഴിഞ്ഞ നവംബറിലാണ് കൂടുതൽ ഡ്രൈവർമാരെ നിയമിക്കുന്നതായി ആർ.ടി.എ പ്രഖ്യാപിച്ചിരുന്നത്.
ഉന്നത ജോലികളിൽ ഏർപ്പെട്ടിരുന്ന പലർക്കും കോവിഡിനെ തുടർന്ന് ജോലികൾ നഷ്ടപ്പെട്ടിരുന്നത് പലരെയും ഈ മേഖലയിലേക്ക് ആകർഷിക്കുന്നുണ്ട്.
എയർലൈൻ ഓഫീസ് അഡ്മിനിസ്ട്രേറ്ററും ഓയിൽ കന്പനിയുടെ സെയിൽസ് അഡ്വൈസറുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമെല്ലാം ഡ്രൈവറാകാൻ റെഡിയായി എത്തിയിരുന്നു.
ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഘാന സ്വദേശികളുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും വളയം പിടിക്കാൻ അവസരം തേടി വന്നിരുന്നു.