
തലശേരി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പാര്‍സലിന്റെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവം കോളിളക്കം സൃഷ്ടിക്കുന്പോൾ വിവാദത്തിൽനിന്നു തലയൂരാൻ യുഎഇയിലെ മലയാളി പ്രമുഖര്‍ കൊണ്ടുപിടിച്ച ശ്രമത്തിൽ.
സ്വപ്നയെ വല്ലപ്പോഴും മാത്രമാണ് കണ്ടിട്ടുള്ളതെന്നും മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും പരിചയക്കാരെ ബോധ്യപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളും ദുബായിയില്‍ സജീവ ചര്‍ച്ചയായി.
സ്വപ്നയുമായുള്ള സൗഹൃദം മുതല്‍ക്കൂട്ടായി കണ്ട് മേനിനടിച്ചവരും കോണ്‍സുലേറ്റില്‍ സ്വപ്ന വഴിയുള്ള തങ്ങളുടെ സ്വാധീനത്തെക്കുറിച്ചു വീമ്പിളക്കിയവരും ഇപ്പോള്‍ വെട്ടിയായിട്ടുണ്ട്. രാഷ്ട്രീയത്തെ ബിസിനസ് താത്പര്യങ്ങൾക്കു വേണ്ടി കൊണ്ടു നടക്കുന്നവരാണ് സംഭവത്തിൽ ശരിക്കും ആപ്പിലായിരിക്കുന്നത്.
സ്വപ്നസുന്ദരിയുടെ പിറകെ സര്‍ക്കാരിന്റെ ഔദ്യോഗിക പദവിയുടെ പിന്‍ബലത്തില്‍ പാഞ്ഞിരുന്നവരും വിലസിയവരും ഇപ്പോള്‍ മാളത്തിലൊളിക്കുന്ന കാഴ്ചയാണ് ദുബായിയിലുള്ളതെന്ന് ഒരു പ്രവാസി സംഘടനയുടെ പ്രവര്ത്തകന് രാഷ്ട്രദീപികയോടു പറഞ്ഞു.
സ്വപ്നയെപ്പോലുള്ളവരെ ചുറ്റിപ്പറ്റി കാര്യങ്ങളുടെ നടത്തിപ്പ് നീങ്ങുന്പോൾ നോര്‍ക്ക എന്ന പ്രവാസികളുടെ രക്ഷയ്ക്കുള്ള സംവിധാനം പലപ്പോഴും നോക്കുകുത്തിയായി മാറി.
“ദുബായിയിലെത്തുന്ന നേതാക്കളെയോ ഉന്നത ഉദ്യോഗസ്ഥരെയോ ഒന്നു കണ്ട് തങ്ങളുടെ സങ്കടങ്ങള്‍ പറയണമെങ്കില്‍ ഈ കോക്കസ് കനിയണം.കോട്ടും സ്യൂട്ടും ധരിച്ച് ഗോസായി ഭാഷയും പറഞ്ഞു നടക്കുന്ന നോര്‍ക്കയിലെ ചില ഉന്നതരുടെ പിന്നാലെ നടന്നു കെഞ്ചിയാലാണു ദുബായിലെത്തുന്ന നേതാക്കളെ ഒന്നു കാണാന്‍ സാധിക്കുമായിരുന്നുള്ളൂ…
നോർക്കയുമായി ബന്ധപ്പെട്ടു വർഷങ്ങളായി ദുബായിയിൽ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന സാമൂഹ്യപ്രവർത്തകരെ ഒഴിവാക്കികൊണ്ട് സന്പത്തും ബിസിനസും മാനദണ്ഡമാക്കി ചിലരുടെ താത്പര്യക്കാരെ മുന്നിൽനിർത്തുന്നതാണ് ഇന്നത്തെ ഗതികേടിനു കാരണം.’
എന്തായാലും ഇവരുടെ കളളക്കളികള്‍ പുറത്തു കൊണ്ടുവരിക തന്നെ വേണമെന്നും പ്രവാസികളായ യുവാക്കള്‍ രോഷത്തോടെ രാഷ്ട്രദീപികയോടു പറഞ്ഞു.
സന്പന്നരുടെ കേരള സഭ!
കേരളസഭയും ദുബായിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ യോഗങ്ങളുമെല്ലാം സമ്പന്നര്‍ക്കു മാത്രമാണ് ഗുണം ചെയ്തത്. കേരള സഭയിലേക്കഉ തങ്ങള്ക്കഉ വേണ്ടപ്പെട്ടവരെ മാത്രം ദുബായിയില്‍നിന്ന് എത്തിക്കാനും സര്‍ക്കാര്‍ ചെലവില്‍ അവര്ക്കഉ കേരളത്തില്‍ പഞ്ചനക്ഷത്ര സൗകര്യം ഒരുക്കാനും ദുബായിയിലെ ഈ കോക്കസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാധാരണക്കാരായ പ്രവാസികള്‍ക്കു വേണ്ടി ശബ്ദിക്കേണ്ടവര്‍ ഇതുവരെ ഓടിയതു സ്വപ്നയെപ്പോലുള്ളവരുടെ പിന്നാലെയായിരുന്നുവെന്ന് ഇപ്പോൾ വെളിച്ചത്തുവരുന്നു.
ആദരവോടെ കണ്ടിരുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോലും യുഎഇ ലെത്തിയാല്‍ സന്പന്നരുടെയും ഇത്തരം നടത്തിപ്പുകാരുടെയും കസ്റ്റഡിയിലാണെന്നു സാധാരണക്കാർ പറയുന്നു. സ്വകാര്യതയുടെ പേരു പറഞ്ഞു കോക്കസ് ഇവരെ സാധാരണക്കാരില്‍നിന്ന് അകറ്റി നിര്‍ത്തുകയാണു പതിവെന്നും പ്രവാസികള്‍ കുറ്റപ്പെടുത്തുന്നു.
ദുബായിയിലേക്കു നിർദേശം “”ആരോടും ഒന്നും മിണ്ടരുത്”
മിണ്ടരുത്…. ഒന്നും ആരോടും… യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പാര്‍സലിന്റെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവം കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കെ ദുബായിയിലെ അതിഥികള്‍ക്കു നക്ഷത്ര സൗകര്യമൊരുക്കുന്ന ഗ്രൂപ്പുകള്‍ക്കു കേരളത്തിലെ ഉന്നത കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദേശമാണിത്.
മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സന്തത സഹചാരികളില്‍നിന്നു ദുബായ് ഷേക് സാഹിദ് റോഡിലെ പ്രമുഖ ഗ്രൂപ്പിലെ വിദേശ വനിതയും ഈ നിര്‍ദേശം ലഭിച്ചവരില്‍ പെടുന്നു.
കേരളത്തില്‍നിന്നെത്തുന്ന ഉന്നതര്‍ക്കു ഡെസെര്‍ട്ട് സഫാരിയും ബെല്ലി ഡാന്‍സും ഉള്‍പ്പെടെയുള്ള ആഡംബര സൗകര്യങ്ങളൊരുക്കിയിരുന്നവര്ക്കാണ് സംഭവത്തിന്റെ ഗൗരവം വിശദീകരിച്ചു കൊണ്ട് ആരോടും സംവദിക്കരുതെന്ന നിര്ദ്ദേശമെത്തിയിട്ടുളളത്.
ഉന്നതര്‍ നടത്തിയ ഡെസര്‍ട്ട് സഫാരിക്കിടയില്‍ ഹമ്മര്‍ ആഡബര കർ അപകടത്തില്‍പെട്ടതും ഉന്നതരെ അതിസാഹസികമായി രക്ഷിച്ചതുൾപ്പെടെയുള്ള കഥകള്‍ ഇപ്പോള്‍ ദുബായിയിലെ മലയാളികള്‍ക്കിടയില്‍ പാട്ടാണ്.മദ്യ ലഹരിയിലും ഹുക്ക വലിച്ചും മിസരി പെണ്‍കുട്ടികളോടൊപ്പം ആടിത്തിമിര്‍ത്ത പ്രമുഖര്‍ക്ക് ഇതു സംബന്ധിച്ച ചിത്രങ്ങളോ മറ്റോ പുറത്തുവരുമോയെന്ന ആശങ്ക വേറെ.
(തുടരും)