ഡബ്ബിംഗ് എന്നത് അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഭാഗ്യലക്ഷ്മി ആ മേഖലയിലേക്ക് വരുന്നത്. ശോഭനയുടെയും രേവതിയുടെയും മുതല്‍ വിമലാരാമന്‍ വരെയുള്ള നടിമാരുടെ നാവായി മാറിയ ഭാഗ്യലക്ഷ്മി ഇപ്പോള്‍ അഭിനയത്തിലും സജീവമാണ്. ടിവി അവതാരകയുടെയും അഭിനേത്രിയുടെയും റോളില്‍ ജീവിതം ആസ്വദിക്കുന്ന ഭാഗ്യലക്ഷ്മി ജീവിതത്തില്‍ നേരിട്ട വിവാദങ്ങളെക്കുറിച്ച് മനസു തുറക്കുന്നു.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെ സിനിമാലോകം അംഗീകരിക്കുന്നില്ലെന്ന വിഷമത്തില്‍ നിന്നാണ് കോട്ടയം ശാന്തയ്ക്കും മറ്റുമൊപ്പം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കായി സംഘടനയുണ്ടാക്കാന്‍ ശ്രമിച്ചത്. സിനിമാലോകത്ത് ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റെന്നനിലയില്‍ അറിയപ്പെടുമെങ്കിലും എന്നെ അവരൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. ഏക സ്ത്രീയായി ഞാനവര്‍ക്കൊപ്പം നിന്നിരുന്നപ്പോള്‍ ‘ അവളെ ഒരു പെണ്ണായേ കാണുന്നില്ലെന്ന് അവര്‍ പറയും. എന്നാല്‍ ഗൗരവപ്പെട്ട കാര്യങ്ങളില്‍ എന്നെ വെറുമൊരു പെണ്ണായി മാത്രം കാണുകയും ചെയ്തു.
കുട്ടിക്കാലം മുതലേ ഇരിക്കുമ്പോള്‍ കാലിന്റെ മുകളില്‍ കാലിട്ട് ഞാന്‍ ഇരിക്കുമായിരുന്നു. ഒരിക്കല്‍ ഒരു വേദിയില്‍ ഞാനങ്ങനെ ഇരുന്നപ്പോള്‍ ഒരു സംവിധായകന്‍ അവിടെനിന്ന് ഇറങ്ങിപ്പോയി. എനിക്കതിന്റെ കാരണം മനസിലായത് പിന്നീടാണ്. മദ്യം പല സ്ത്രീകളെയും അപകടത്തിലാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കറിയാവുന്ന ചില സ്ത്രീകള്‍ ഒറ്റയ്ക്കു മദ്യപിക്കുന്നത് കണ്ടിട്ടുണ്ട്. അതുപിന്നെ നിയന്ത്രണമില്ലാത്തവിധമായി മാറുന്നതും കണ്ടിട്ടുണ്ട്. ജീവിതം ആഘോഷിക്കാന്‍ മദ്യം തന്നെ വേണോ? എന്തായാലും ഞാനത് പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നില്ല-ഭാഗ്യലക്ഷ്മി നയംവ്യക്തമാക്കുന്നു.