ഡബ്ബിംഗ് എന്നത് കേവലം മൊഴിമാറ്റം മാത്രമല്ല. അത്, തനത് രൂപത്തിൽനിന്ന് സിനിമയെ മറ്റൊരു ഭാഷയിലേക്കും സംസ്കാരത്തിലേക്കും പറിച്ചുവയ്ക്കുന്ന ശസ്ത്രക്രിയയാണ്.
അവിടെ തുന്നലിന്റെ ഏച്ചുകെട്ടലുകൾ പാടില്ല. സംഭാഷണങ്ങൾക്കൊപ്പം ദേശത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനം ഉണ്ടാകണം.
അത് ഉണ്ടായി വരുന്നു എന്നതാണ് മൊഴിമാറ്റ സിനിമകളെ ഇന്ന് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. കാരണം ഡബ്ബിംഗ് സ്റ്റുഡിയോയിൽ വളർന്നുവരുന്ന ഡബ്ബിംഗ് ഡയറക്ഷൻ എന്ന പുതിയ രീതി തന്നെ.
ഏച്ചുകെട്ടിയ സംഭാഷണങ്ങളും സ്ഥല കാല ബന്ധമില്ലാത്ത പശ്ചാത്തല വിവരണങ്ങളും അലോസരപ്പെടുത്തിയ മൊഴിമാറ്റ ചിത്രങ്ങളെ ഇന്നു കാണുന്ന നിലയിലേക്ക് മാറ്റിയതിനു പിന്നിൽ ഡബ്ബിംഗ് ഡയറക്ഷൻ എന്ന പുതിയ ആശയത്തിന് വലിയ പങ്കുണ്ട്.
ഇതുണ്ടാക്കിയ മാറ്റം ശരിക്കും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. യഥാർഥ ഭാഷാ ചിത്രമെന്ന് തോന്നിക്കുന്ന നിലയിലേക്ക് അത് മൊഴിമാറ്റ സിനിമകളെ പരുവപ്പെടുത്തി.
സബ് ടൈറ്റിൽ മുതൽ ക്ലൈമാക്സിലെ അവസാന ഡയലോഗ് ഡെലിവറി വരെ മറ്റൊരു സംസ്കാരത്തിലേക്കും പ്രാദേശീകതയിലേക്കും സിനിമയെ അതിന്റെ മജ്ജയും മാംസവും നഷ്ടപ്പെടാതെ തുന്നിച്ചേർക്കുന്നു എന്നതാണ് ഡബ്ബിംഗ് ഡയറക്ഷന്റെ ആദ്യവും അന്ത്യവുമായി ഘട്ടം.
ഒരു സിനിമ ലഭിച്ചാൽ വെറും മൊഴിമാറ്റം മാത്രം മതിയോ അതോ അതിനെ പ്രാദേശികവത്കരിക്കണോ എന്നതു മുതൽ തുടങ്ങുന്നു ഡബ്ബിംഗ് ഡയറക്ഷനിലെ ഘട്ടങ്ങൾ.
പ്രാദേശികവത്കരണം
മൊഴിമാറ്റം മാത്രം മതിയെങ്കിൽ അനുയോജ്യമായ സ്ക്രിപ്റ്റ് തയാറാക്കി മൊഴിമാറ്റുക എന്നതാണ് രീതി. ബാഹുബലിയും കെജിഎഫ് മൊക്കെ അത്തരത്തിലുള്ള മൊഴിമാറ്റ സിനിമകളാണ്.
എന്നാൽ പ്രാദേശികവത്കരിക്കേണ്ട സിനിമയാണെങ്കിൽ അതീവ ജാഗ്രതയോടെ ഓരോ സീനുകളും സുക്ഷ്മമായി മൊഴിമാറ്റം നടത്തണം.
അവിടെ കേവലം ഭാഷമാത്രമാകില്ല, സ്ഥലവും സംസ്കാരവും പേരും ജാതിയുമൊക്കെ മാറും. വിവേകത്തോടെ ഇതു ചെയ്തില്ലെങ്കിൽ വലിയ ചീത്തപ്പേരുകൾക്ക് ഇടയാക്കും. അതുണ്ടാക്കാതിരിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഡബ്ബിംഗ് ഡയറക്ടറുടേത്.
ആശയത്തിനു പിന്നിൽ
ബാഹുബലി, കെജിഎഫ് ഉൾപ്പടെയുള്ള സിനിമകളിൽ ശബ്ദം നൽകിയ പറവൂർ സ്വദേശി സി.എം. അരുണ് , വിജയിയുടെ ബീസ്റ്റ്, ദുൽഖർ സൽമാന്റെ ഹെയ് സിനാമിക ഉൾപ്പടെയുള്ള സിനിമകളിൽ ശബ്ദം നൽകിയ ചോറ്റാനിക്കര സ്വദേശി അജിത്ത് കുമാർ എന്നിവരാണ് ഡബ്ബിംഗ് ഡയറക്ഷൻ എന്ന ആശയത്തിന് പിന്നിൽ.
ഇപ്പോൾ തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന വിക്രാന്ത് റോണ എന്ന ചിത്രം മൊഴിമാറ്റം നടത്തിയത് ഇവരുടെ മീഡിയ കന്പനിയായ വോക്സ്കോം ആണ്.
കേരളത്തിന് സാമ്യമല്ലാത്ത സംസ്കാരത്തിലും പശ്ചാത്തലത്തിലും കഥപറയുന്ന സിനിമയായതിനാൽ കേവലം മൊഴിമാറ്റത്തിനപ്പുറം പ്രാദേശിക വത്കരിക്കുകയെന്ന ഭാരിച്ച ദൗത്യമായിരുന്നു ഇവർക്കു മുന്നിലുണ്ടായിരുന്ന വെല്ലുവിളി.
സിനിമയിലെ സ്ഥലങ്ങൾ സാങ്കൽപ്പികമായതിനാൽ അവ അതേപടി നിലനിർത്തി. പക്ഷെ കഥാപാത്രങ്ങളെ അവരുടെ ഭാഷയും ജാതിയും സംസ്കാരവും ഉൾപ്പടെ പ്രാദേശിക തലത്തിലേക്ക് കൊണ്ടുവന്നു.
അതിനനുസൃതമായി ഡയലോഗുകളും വോയിസ് കാസ്റ്റിംഗും നടത്തി. പിന്നെ കഥാപാത്രത്തിന്റെ ഭാവത്തിനും മാനസികാവസ്ഥയ്ക്കും അനുയോജ്യമായി ഡബ്ബിംഗ് ചെയ്തു. മുന്പ് ഡബ്ബിംഗിൽ ഇത്തരം ഘട്ടങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ് വിക്രാന്ത് റോണയെ വേറിട്ടതാക്കുന്നത്.
സിനിമ എന്താണെന്ന് അറിഞ്ഞ് പിഴവുകളില്ലാതെ ഭാഷാമാറ്റം നടത്തുകയെന്നതാണ് ഡബ്ബിംഗ് ഡയറക്ടേഴ്സിന്റെ മികവ്. കാണിക്കുന്നതിലും പറയുന്നതിലും യുക്തി ഉണ്ടാകണം എന്നത് ഇതിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്.
മാത്രമല്ല കഥാപാത്രം ഉപയോഗിക്കുന്ന ഭാഷാ ശൈലി ആ കഥാപാത്രം കടന്നുവരുന്ന സാഹചര്യവും സ്ഥലവുമായി ചേരുന്നതാണോയെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരത്തിൽ ആഴത്തിൽ ഇറങ്ങിയുള്ള മൊഴിമാറ്റ രീതിക്കാണ് ഡബ്ബിംഗ് ഡയറക്ഷനിലൂടെ വോക്സ്കോമും അതിന്റെ അണിയറ പ്രവർത്തകരും തുടക്കമിട്ടിരിക്കുന്നത്.