തളിക്കുളം: ദുബായ് ബസ് അപകടത്തിൽ മരിച്ച തളിക്കുളം മുൻ ഗ്രാമപഞ്ചായത്തംഗം ജമാലുദ്ദിന് നാട് കണ്ണീരോടെ വിട നൽകി. തളിക്കുളം കൈതക്കൽ എൽപി സ്ക്കൂളിന് സമീപം അറക്കവീട്ടിൽ മുഹമ്മദുണ്ണി മകൻ ജമാലുദ്ദീൻ (47) മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെയാണ് നിരവധി വാഹനങ്ങളുടെ വീട്ടിൽ കൊണ്ട് വന്നത്.
ജമാലുദ്ദിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരെത്തിയിരുന്നു. ഇന്നലെ വൈകീട്ടോടെ ദുബായിലെ റാഷിദ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.
ഇന്ന് രാവിലെ നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം തളിക്കുളത്തെ വീട്ടിലേക്ക് കൊണ്ട് വരുകയായിരുന്നു. നാട്ടിൽ പ്രിയങ്കരനായിരുന്ന ജമാലുദ്ദിൻ തളിക്കുളത്തും ദുബായിയിലും സാമൂഹിക പ്രവർത്തകനായിരുന്നു.
1997ൽ തളിക്കുളം ഗ്രാമ പഞ്ചായത്ത് അംഗമായ ജമാലുദ്ദീൻ സ്ഥാനം രാജിവെച്ചാണ് ദുബായിലേക്ക് പോയത്.
ദുബായ് മീഡിയ സിറ്റി ബില്ലിംഗ് അസിസ്റ്റന്റായിരുന്നു. അവിധിക്ക് നാട്ടിലെത്തിയ ശേഷം കഴിഞ്ഞ ഏപ്രിൽ 21നാണ് തിരിച്ച് പോയത്. അമ്മ: നഫീസ. ഭാര്യ: സുലേഖ, മക്കൾ: സുഹാന, ഷാഫിയ (ഇരുവരും വിദ്യാർഥികൾ ). നിയുക്ത എംപി ടി.എൻ.പ്രതാപൻ, ഗീതാ ഗോപി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.എം.ആർ.സുഭാഷിണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് ഉൾപ്പടെ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ഉച്ചയോടെ തളിക്കുളം ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.