സ്വന്തം ലേഖകൻ
കോഴിക്കോട്: വരാനിരിക്കുന്ന രണ്ട് പുത്തൻ പദ്ധതികളുടെ ചിറകിലേറി കുതിക്കുകയാണ് കോഴിക്കോടിന്റെ സ്വപ്നങ്ങൾ. കോഴിക്കോട്-കൊച്ചി ഉൾപ്പെടെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ദേശീയപാതകളിലൂടെ ആഡംബര ഡബിൾ ഡക്കർ ബസ് സർവീസുകൾക്കാണ് കേന്ദ്ര പദ്ധതി.സംസ്ഥാന ഗതാഗതവകുപ്പിന്റെ മേൽനോട്ടത്തിൽ എസി ഡബിൾ ഡക്കർ ബസ് സർവീസ് തുടങ്ങുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് നിർദേശം മുന്നോട്ടുവെച്ചത്.
ശന്പളവും പെൻഷനും സമയത്ത് കൊടുക്കാൻ കഴിയാത്തവിധം കെഎസ്ആർടിസി തന്നെ നഷ്ടത്തിൽ കിതക്കുന്പോൾ കേരളം കേന്ദ്ര നിർദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ലക്ഷ്വറി ഡബിൾ ഡക്കർ ബസ് സർവീസുകൾ തുടങ്ങാൻ വിവിധ സംസ്ഥാനങ്ങളിലായി 75 റൂട്ടുകളാണ് കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിൽ കോഴിക്കോട്-കൊച്ചി റൂട്ടിനു പുറമെ, ഡൽഹി–ആഗ്ര, ഡൽഹി– ജയ്പൂർ, ബംഗളൂരു-മംഗളൂരു തുടങ്ങിയ റൂട്ടുകളും നിർദേശിച്ചിട്ടുണ്ട്. അന്തർസംസ്ഥാന റൂട്ടുകളും ഡബിൾ ഡക്കറിന് പരിഗണിക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ നിർദേശം. കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിശ്ചിത ശതമാനം ധനസഹായം നൽകും. സാധാരണ ബസുകൾ എടുക്കുന്ന അതേ സ്ഥലവും റോഡ് സൗകര്യവും മാത്രം ഡബിൾ ഡക്കർ ബസുകൾക്കും മതി എന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്.
എന്നാൽ, കേരളത്തിലെ റോഡുകളുടെ സ്ഥിതിയും വൈദ്യുതി, ടെലിഫോണ്, കേബിൾ ലൈനുകളും കണക്കിലെടുക്കേണ്ടിവരും.എന്തായാലും പുതിയ പദ്ധതി സാങ്കേതികത്വങ്ങളിൽ കുരുങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. അമൃത് പദ്ധതിയിൽപ്പെടുത്തി പുതിയ സ്റ്റാൻഡിനു സമീപം സ്ഥാപിക്കാനുദ്ദേശിക്കുന്ന എസ്കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജാണ് കോഴിക്കോട് നഗരത്തിന് പ്രതീക്ഷയേകുന്ന മറ്റൊരു പദ്ധതി.
സാധ്യതാ പഠനറിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ജനറൽ മാനേജർ (സിവിൽ) എസ്. ചന്ദ്രബാബു, അസി. മാനേജർ നാസിം ഖാൻ സൈനുദ്ദീൻ, ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ അസി. മാനേജർ. സക്കീബ് മുഹമ്മദ് എന്നിവർ സ്്ഥലം സന്ദർശിച്ചതോടെയാണ് പ്രതീക്ഷകാൾക്ക് ചിറകുമുളച്ചത്.
ഇൻഡോർ സ്റ്റേഡിയത്തിനും ഫോക്കസ് മാളിനുമിടയിലായി രാജാജി റോഡിനുമുകളിലൂടെ പുതിയ സ്റ്റാൻഡിലേക്കെത്താനാകും വിധമാണ് എസ്കലേറ്ററും നടപ്പാലവും നിർമിക്കുന്നത്. ഇതിനായി ഈ റോഡിലെ ഗതാഗത പഠനമാണ് പ്രധാനമായും നടത്തുന്നത്.
പദ്ധതിക്കായുള്ള ലൊക്കേഷൻ സർവേ സ്കെച്ച് കോർപറേഷൻ ഒരാഴ്ചയ്ക്കുള്ളിൽ കെഎംആർഎലിനു നൽകും.എസ്കലേറ്ററോടു കൂടിയ നടപ്പാലത്തിന് 11.35 കോടി രൂപയാണ് അമൃത് പദ്ധതിയിൽ അനുവദിക്കുന്നത്.