അജിത് ജി. നായര്‍
നന്ദി ഡിര്‍ക് കുയ്റ്റ്… നിങ്ങള്‍ നേടിത്തന്നത് ഒരു തലമുറയുടെ കിരീടമാണ്. ഫെയെനൂര്‍ദിന്റെ ആരാധകര്‍ ഈ ഡച്ച് സ്ട്രൈക്കറോട് ഇങ്ങനെ പറയുന്നുണ്ടാവും. ഹെരാക്ലെസ് അല്മെലോയ്ക്കെതിരേ നടന്ന അവസാന മത്സരത്തില്‍ ക്യാപ്റ്റന്‍ കുയ്്റ്റ് നേടിയ ഹാട്രിക് ഫെയെനൂര്ദിന് നേടിക്കൊടുത്തത് 21-ാം നൂറ്റാണ്ടിലെ ആദ്യ ഇറെഡിവിസി(ഡച്ച് ലീഗ്്)കിരീടമാണ്. ഒരുപക്ഷേ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചിട്ടും കുയ്റ്റ് ക്ലബ് ഫുട്ബോളില്‍ തുടര്‍ന്നതും ഒരു ദശാബ്ദം വിദേശ ക്ലബ്ബുകളില്‍ കളിച്ചിട്ട് ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തിയതും കരുതിവച്ച ഈ നിയോഗത്തിന്റെ സാക്ഷാത്കാരത്തിനായിരിക്കണം. നീണ്ട 18 വര്‍ഷത്തിനു ശേഷം ഫെയെനൂര്‍ദ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ.
ഒരു കാലത്ത് ഡച്ച് ഫുട്ബോളിന്റെ എല്ലാമെല്ലാമായിരുന്നു ഫെയെനൂര്‍ദ്. 1923-24 കാലഘട്ടത്തിലാണ് ഈ റോട്ടര്‍ഡാം ക്ലബ് തങ്ങളുടെ ആദ്യ ഡച്ച് ലീഗ് കിരീടം നേടുന്നത്. അവസാനം നേടിയതാവട്ടെ 1998-99 കാലഘട്ടത്തിലും. ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ നൂറ്റാണ്ട് അവസാനത്തെ ചാമ്പ്യന്മാര്. ടോട്ടല്‍ ഫുട്ബോള്‍ പൂത്തുലഞ്ഞ എഴുപതുകളിലാണ് ഫെയെനൂര്‍ദ് യൂറോപ്പിന്റെ നെറുകയിലെത്തുന്നത്. 1969-70 കാലഘട്ടത്തില്‍ യൂറോപ്യന്‍ കപ്പ്( ഇന്നത്തെ ചാമ്പ്യന്‍സ് ലീഗ്) നേടിയ ഫെയെനൂര്‍ദ് ആ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഡച്ച് ക്ലബ് എന്ന ബഹുമതിയും സ്വന്തമാക്കി. പിന്നീട് ഇന്റര്‍ കോണ്ടിനെന്റല് കപ്പ്, യുവേഫ കപ്പ്(യൂറോപ്പാ ലീഗ്)എന്നീ കിരീടങ്ങളും ക്ലബിന്റെ ഷെല്‍ഫിലെത്തി. ഇത്തവണ ഹെരാക്ലിസിനെ 3-0 തകര്‍ത്ത് ഫെയെനൂര്‍ദ് മുത്തമിട്ടത് തങ്ങളുടെ 15-ാം ഡച്ച് ലീഗ് കിരീടത്തിലാണ്. അതും അവസാന ലീഗ് മത്സരത്തില്‍. മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ലായിരുന്നു ഫെയെനൂര്ദിന്. കേവലം ഒരു പോയിന്റിന്റെ അകലത്തിലാണ് കുയ്റ്റും കൂട്ടരും അയാക്സിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. നിലവിലെ ചാമ്പ്യന്മാരായ പിഎസ്വിക്കാകട്ടെ മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ പതിനെട്ടു വര്‍ഷം അയാക്സും, പിഎസ് വി ഐന്തോവനും മാറിമാറി സ്വന്തമാക്കി വച്ച ഡച്ച് ലീഗ് കിരീടം നേടിയെടുത്തതിന് ടീം ആദ്യം നന്ദി പറയുക അവരുടെ പരിശീലകന് ജിയോവാന്നി വാന്‍ ബ്രോങ്കോസ്റ്റിനോടായിരിക്കും. പിന്നെ നന്ദി പറയാനുള്ളത് ക്യാപ്റ്റന്‍ ഡിര്‍ക് കുയ്റ്റിനോടും.
ഫെയെനൂര്ദിന് ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം സമ്മാനിച്ചു കൊണ്ടായിരുന്നു 2010-11 സീസണ് കടന്നു പോയത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ആ സംഭവം. അന്ന് ബദ്ധവൈരികളായ പിഎസ്വി 10-0 നാണ് ഫെയെനൂര്ദിനെ തോല്‍വിയുടെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടത്. സീസണില്‍ പത്താമതായായാണ് ക്ലബ് ഫിനിഷ് ചെയ്തത്. തുടര്‍ന്നാണ് ബ്രോങ്കോസ്റ്റ് ടീമിന്റെ സഹപരിശീലകനായി സ്ഥാനമേല്‍ക്കുന്നത്. ഹോളണ്ടിനെ 2010 ലോകകപ്പിന്റെ ഫൈനലിലെത്തിച്ച ക്യാപ്റ്റനായ ബ്രോങ്കോസ്റ്റ് ഫൈനല്‍ പരാജയത്തിനു ശേഷം ഫുട്ബോളില്‍ നിന്ന് വിരമിക്കുകയായിരുന്നു. തുടര്‍ന്ന് ഡച്ച് അണ്ടര്‍-21 ടീമിന്റെ സഹപരിശീലകനായി ചുമതല നിര്‍വഹിച്ചതിനു ശേഷമാണ് പഴയക്ലബിലേക്കെത്തുന്നത്. ആ സീസണില്‍ ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ ബ്രോങ്കോസ്റ്റിന്റെ തന്ത്രങ്ങളും നിര്‍ണായകമായി. തുടര്‍ന്നുള്ള സീസണുകളിലും ടീം ആദ്യ നാലില്‍ ഉള്‍പ്പെട്ടെങ്കിലും അപ്പോഴും ഇറെഡിവിസി കിരീടം മാത്രം അകന്നു നിന്നു. 2015ലാണ് ടീം മാനേജ്മെന്റ് ബ്രോങ്കോസ്റ്റിനെ മുഖ്യ പരിശീലകനായി ഉയര്‍ത്തുന്നത്. ടീമിന്റെ പ്രകടനത്തിലും അതു പ്രതിഫലിച്ചു. എട്ടു വര്‍ഷത്തിനു ശേഷം റോയല്‍ ഡച്ച് ഫുട്ബോള്‍ അസോസിയേഷന് ടൂര്‍ണമെന്റില്‍ ടീം കിരീടം ചൂടി. അവിടുന്ന് ഇപ്പോള്‍ ഡച്ച് ലീഗ് കിരീടമെന്ന 18 വര്‍ഷത്തെ സ്വപ്്നവും പൂവണിയിക്കാന്‍ ബ്രോങ്കോസ്റ്റ് എന്ന മാന്ത്രികനായി.
ഇനി പറയാനുള്ളത് ഡിര്‍ക് കുയ്റ്റ് എന്ന പഴയ പടക്കുതിരയുടെ കഥയാണ്. ഡച്ച് ക്ലബായ ഉട്രെകിലൂടെ 1998ലാണ് കുയ്റ്റ് പ്രൊഫഷണല്‍ ഫുട്ബോളിലേക്കു ചുവടു വയ്ക്കുന്നത്. 2003ല്‍ കുയ്റ്റ് ആദ്യമായി ഫെയെനൂര്ദിലെത്തി. ക്ലബ്ബില്‍ മിന്നുന്ന ഫോമില്‍ കളിച്ച കുയ്റ്റ് ക്ലബ്ബിനായി 71 ഗോളുകളാണ് അടിച്ചു കൂട്ടിയത്. അതും വെറും 101 മത്സരങ്ങളില്‍ നിന്ന്്. ഈ പ്രകടനമാണ് കുയ്റ്റിനെ 2006ല്‍ ലിവര്‍പൂള്‍ റാഞ്ചാന്‍ കാരണവും.പിന്നീട് ആറു വര്‍ഷം ലിവര്‍പൂളിനു വേണ്ടി കളിച്ച കുയ്റ്റ് 2012-15 സീസണില്‍ ടര്‍ക്കിഷ് ക്ലബ് ഫെനര്ബാഷെയ്ക്കു വേണ്ടി ബൂട്ടണിഞ്ഞു. തുടര്‍ന്ന് 2015ല്‍ ഒരു ദശാബ്ദത്തിനു ശേഷം തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങിയെത്തി. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു പ്രവാസി ജീവിതത്തിനു ശേഷമുള്ള മടക്കം. അതൊരു നിയോഗമായിരുന്നു. ഈ സീസണില്‍ 12 ഗോളുകളാണ് കുയ്റ്റ് ടീമിനായി നേടിയത്. അതില്‍ മൂന്നും അവസാന മത്സരത്തിലെ ഹാട്രിക്കിലൂടെ പിറന്നതായിരുന്നു. ഒരു സമനില പോലും ഫെയെനൂര്‍ദിന്റെ കിരീടമോഹങ്ങള്‍ തട്ടിയകറ്റുമായിരുന്നു. എന്നാല്‍ രക്ഷകനായി അവതരിച്ച ഈ മുപ്പത്തിയാറുകാരന്റെ ബൂട്ടില്‍ നിന്നുയര്‍ന്ന ആ വെടിയുണ്ടകള്‍ കിരീടത്തിനു മുമ്പിലുള്ള പ്രതിബന്ധങ്ങളെ തകര്‍ത്തു തരിപ്പണമാക്കുകയായിരുന്നു.
പതിനെട്ടു വര്‍ഷം നീണ്ട ഉറക്കത്തില്‍ നിന്നുണര്‍ന്ന പ്രതീതിയായിരിക്കും ക്ലബ്ബിന്. കണ്ണു തുറന്നു നോക്കുമ്പോള്‍ മുമ്പില്‍ വെട്ടിപ്പിടിക്കാനുള്ളത് പുതിയൊരു ലോകമാണ്. ചാമ്പ്യന്മാരായതോടെ ക്ലബ്ബിന് ചാമ്പ്യന്‍സ് ലീഗിലും നേരിട്ട് പ്രവേശനം ലഭിച്ചു. യൂറോപ്പിലെ വമ്പന്മാര് ഏറ്റുമുട്ടുന്ന കളിത്തട്ടില്‍ ഓറഞ്ച് വസന്തം വിരിയിക്കാന്‍ ഫയെനൂര്ദിനാവുമോയെന്ന കാത്തിരിപ്പിലാണ് ലോകം. ഇതിഹാസ താരം യോഹാന്‍ ക്രൈഫ് കളിക്കാരനായുള്ള തന്റെ ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ചത് ഫെയെനൂര്ദിനായി കളിച്ചു കൊണ്ടായിരുന്നു. യൂറോപ്പിന്റെ കളിമൈതാനങ്ങളില്‍ ടോട്ടല്‍ ഫുട്ബോളിലൂടെ ഓറഞ്ചു വിപ്ലവം സൃഷ്ടി്ക്കാന് ഫെയെനൂര്ദിനു കഴിയട്ടേ എന്ന പ്രത്യാശ പങ്കുവയ്ക്കുകയാണ് ഓരോ കളിയാരാധകനും.