എടത്വ: രണ്ടായിരത്തോളം താറാവുകൾ തലവടിയിൽ കൂട്ടത്തോടെ ചത്തനിലയിൽ. തലവടി കറുകപ്പറന്പിൽ കെ.വി. വർഗീസിന്റെ 1500 ഓളം താറാവുകളും കണ്ടംകേരിൽ സഖറിയാ ഗിവർഗീസിന്റെ 500 താറാവിൻ കുഞ്ഞുങ്ങളുമാണ് ചത്തത്. കെ.വി. വർഗീസിന് 2100 വലിയ താറാവും 1800 ചെറിയ താറാവുമായിരുന്നു ഉണ്ടായിരുന്നത്.
1300 വലിയ താറാവും 200 കുഞ്ഞുങ്ങളുമാണ് ചത്തത്. ഇന്നലെ വൈകുന്നേരം തീറ്റി കൊടുക്കാൻ കൂട്ടിൽ കയറ്റിയ താറാവുകൾ രാവിലെ വന്നു നോക്കിയപ്പോഴാണ് കൂട്ടത്തോടെ ചത്തുകിടക്കുന്നതായി കണ്ടത്.
വെറ്ററിനറി ഡോക്ടറെ വിവരം അറിയിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം അറിയാൻ സാധിക്കു. താറാവുകളുടെ സാന്പിൾ തിരുവല്ലാ മഞ്ഞാടിയിലെ ലാബിലേക്ക് പരിശോധന നടത്താനായി അയച്ചു.
ചന്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത് സ്ഥലം സന്ദർശിച്ചു.കഴിഞ്ഞ ഡിസംബറില്‍ തലവടി സ്വദേശി വേഴപ്രത്ത് കുട്ടപ്പായിയുടെ ആയിരക്കണക്കിന് താറാവുകളാണ് ചത്തൊടുങ്ങിയത്.
തൃശ്ശൂര്‍ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുമെത്തിയ സംഘം ആദ്യം ഫംഗസ് രോഗബാധയാണെന്ന് പറഞ്ഞെങ്കിലും സംസ്ഥാനത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.