പത്തനംതിട്ട: ആലപ്പുഴ ജില്ലയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ലയിലും പക്ഷിപ്പനി. തിരുവല്ലയിലെ നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കഴിഞ്ഞാഴ്ചയാണ് നിരണത്തെ സർക്കാർ ഡക്ക് ഫാമിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തിൽ നടത്തിയ പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി ആണെന്ന് മനസിലായത്.
ഇതിനു പിന്നാലെ പ്രതിരോധ നടപടികള്‍ പഞ്ചായത്തില്‍ ആരംഭിച്ചു. തിങ്കളാഴ്ച കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ആലപ്പുഴ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.