കോട്ടയം: പക്ഷിപ്പനിയും കൊടുംചൂടും താറാവ് മുട്ട വില ഉയരാന്‍ കാരണമായി. താറാവുമുട്ട ചില്ലറ വില 11 രൂപയായി ഉയര്‍ന്നു. പൊതുവേ കേടും കൂടുതലാണ്. കുട്ടനാട്ടില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് നാടന്‍ താറാവുമുട്ടയ്ക്ക് ക്ഷാമമുണ്ട്.
പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്ന് മുട്ട ഇവിടേക്ക് എത്തുന്നുമില്ല. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി എണ്ണായിരം താറാവുകളെയാണ് കൊന്നൊടുക്കുന്നത്.
കോഴികള്‍ക്കും രോഗം ബാധിച്ചതോടെ കോഴിമുട്ട വിലയിലും നേരിയ വര്‍ധനയുണ്ട്. താറാവും കോഴിയും അടക്കം കാല്‍ലക്ഷത്തിലേറെ പക്ഷികളെയാണ് കൊല്ലാന്‍ തീരുമാനം.
നിരണം സര്‍ക്കാര്‍ താറാവുവളര്ത്തല് കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈകാതെ താറാവുകുഞ്ഞുങ്ങള്ക്കും ക്ഷാമം നേരിടും. നിരണം ഫാമിലെ 560 താറാവുകളാണ് ചത്തൊടുങ്ങിയത്.
ഫാമില്‍ ബാക്കിയുള്ള 4081 താറാവുകളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 5000 വളര്‍ത്തു പക്ഷികളെയും കൊന്നു കത്തിക്കും. പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥിരീകരിച്ചതോടെ കേരളത്തില്‍നിന്നുള്ള കോഴിക്കും മുട്ടയ്ക്കും തമിഴ്നാട് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം ചൂടു കൂടിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മുട്ട എത്തുന്നുമില്ല.