കോട്ടയം: ജില്ലയിലെ ഫാമുകളില് കോഴി, താറാവ് വിരിയിക്കലും വളര്ത്തലും നിലച്ചിട്ട് ഒരു വര്ഷം.കഴിഞ്ഞ വര്ഷത്തെ പക്ഷിപ്പനിയെത്തുടര്ന്ന് ഏര്പ്പെടുത്തിയ നിരോധനം അവസാനിപ്പിക്കാത്തതില് കര്ഷകര് ദുരിതത്തിൽ. വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളില് താറാവ് കൃഷി പൂര്ണമായി നിലച്ചു.
ഇവിടുത്തെ താറാവു കര്ഷകര് പാലക്കാട്, തൃശൂര് ജില്ലകളിലേക്ക് താറാവുകളെ മാറ്റി. അവര് കോയമ്പത്തൂരിലും പൊള്ളാച്ചിയിലുമാണ് മുട്ട വില്ക്കുന്നത്. തമിഴ്നാട്ടില് കുറഞ്ഞ വിലയ്ക്ക് കോഴിത്തീറ്റ ലഭിക്കുമെന്നതും നേട്ടമാണ്. ഇതേത്തുടര്ന്ന് ജില്ലയില് നാടന് താറാവു മുട്ടയും താറാവ് ഇറച്ചിയും കിട്ടാനില്ല.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഏറെ പ്രദേശങ്ങളിലും നിരോധനം തുടരുന്നതിനാല് അവിടെനിന്നു മുട്ട ലഭ്യമല്ല. ആന്ധ്രയില്നിന്നുള്ള നിലവാരം കുറഞ്ഞതും കേടുള്ളതുമായ താറാവു മുട്ടയാണ് ഇവിടെ മാര്ക്കറ്റില് വാങ്ങാന് കിട്ടുന്നത്.
നിരോധനത്തെത്തുടര്ന്ന് താറാവ് മുട്ട വില 14 രൂപയിലേക്കും നാടന് കോഴിമുട്ട എട്ടു രൂപയിലേക്കും ചില മാസങ്ങളില് ഉയര്ന്നു. തമിഴ്നാട്ടില്നിന്നുള്ള ഗുണമേന്മ കുറഞ്ഞ വെള്ളമുട്ടയ്ക്ക് 6.50 രൂപവരെ കയറി. വേനല് ശക്തിപ്പെടുന്നതോടെ വരുംമാസങ്ങളിലും മുട്ടവില കുറയില്ലെന്നാണ് സൂചന. ജില്ലയില് കോഴി, താറാവു കുഞ്ഞുങ്ങള്ക്കും മുട്ടയ്ക്കും ഏറെപ്പേര് ആശ്രയിച്ചിരുന്ന മണര്കാട് പോള്ട്രി ഫാം ഒരു വര്ഷമായി അടഞ്ഞു കിടക്കുകയാണ്.
പക്ഷിപ്പനിയെത്തുടര്ന്ന് ഫാമിലെ കോഴിക്കുഞ്ഞുങ്ങളെ അപ്പാടെ കൊന്നൊടുക്കിയിരുന്നു. ഫാം അണുവിമുക്തമാക്കിയെങ്കിലും തുറന്നു പ്രവര്ത്തിപ്പിക്കാന് നടപടിയായില്ല. ഇവിടെനിന്ന് രണ്ടു ദിവസമായ കുഞ്ഞുങ്ങളെ വാങ്ങി വളര്ത്തി വില്പന നടത്തിയിരുന്നവരും കോഴി വളര്ത്തി ഉപജീവനമാക്കിയവരും പ്രതിസന്ധിയിലാണ്.
നിലവിലെ സാഹചര്യത്തില് ഫാം തുറന്നാലും ഒരു മാസം കഴിഞ്ഞാലേ പ്രവര്ത്തനം തുടങ്ങാനാകൂ.കുടുംബശ്രീ എസ്എച്ച് ഗ്രൂപ്പുകള്ക്കും കോഴിവളര്ത്തലില് നിന്ന് പിന്മാറേണ്ടിവന്നു.