വൈക്കം: ജലമലിനീകരണവും പരിപാലനച്ചെലവിലെ വർധനവും അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനിയും കാരണം അപ്പർകുട്ടനാട്ടിലെ താറാവുകൃഷി നാടുകടക്കുന്നു. വെച്ചൂർ, തലയാഴം, അയ്മനം, ആർപ്പൂക്കര തുടങ്ങി അപ്പർകുട്ടനാട്ടിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി സജീവമായി നടന്നുവന്ന താറാവുകൃഷിയാണ് പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുമാറുന്നത്.
വെച്ചൂർ, അയ്മനം, ആർപ്പൂക്കര കുമരകം തുടങ്ങിയ ഗ്രാമപ്രദേശങ്ങളിൽ 500 മുതൽ 10,000 താറാവുകളെവരെ വളർത്തുന്ന താറാവുകർഷകരാണ് ഉണ്ടായിരുന്നത്. അടിക്കടിവരുന്ന പക്ഷിപ്പനിയും വേമ്പനാട്ടുകായലും ഇടയാറുകളും നാട്ടുതോടുകളും മലിനമാകുന്നതും താറാവുകളിൽ രോഗബാധയുണ്ടാകുന്നതും പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് കർഷകർ ഗത്യന്തരമില്ലാതെ മറ്റു സ്ഥലങ്ങളിലേക്കു താറാവുകൃഷി മാറ്റുന്നത്. ഇതുമൂലം പോഷകസമൃദ്ധമായ നാടൻതാറാവുമുട്ട നാട്ടിൻപുറങ്ങളിൽ കിട്ടാത്ത സ്ഥിതിയായി.
മുട്ടക്ഷാമം മൂലം12 രൂപ വിലയുണ്ടായിരുന്ന താറാവുമുട്ടയ്ക്ക് 14, 15 രൂപവരെ വിലയേറുന്നു. താറാവു കർഷകർ ഏറ്റവും നേട്ടമുണ്ടാക്കുന്ന ഈസ്റ്റർ വിഷു ഉത്സവകാലത്ത് ഇക്കുറി നാടൻ പൂവൻ താറാവുകളെ കിട്ടാൻ ഉപഭോക്താക്കൾ ഏറെ അലയേണ്ടിവരും.
മുൻകാലങ്ങളിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വലിയ തുക നൽകാതെ താറാവുകളെ തീറ്റാനിറക്കാമായിരുന്നു. ഏതാനും വർഷങ്ങളായി പാടശേഖരങ്ങളിൽ താറാവുകളെ തീറ്റുന്നതിനു കൂടുതൽ തുക നൽകേണ്ടിവരുന്നത് കർഷകർക്കു തിരിച്ചടിയായി. പാടശേഖരങ്ങളോടനുബന്ധിച്ചും ജലാശയങ്ങളോടു ചേർന്നുമാണു താറാവു കൃഷി നടക്കുന്നത്. നാട്ടിൻപുറങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ചു തെരുവുനായ്ക്കളും കാട്ടുപൂച്ച, മരപ്പട്ടി തുടങ്ങിയ വന്യജീവികളും താറാവു കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.
ഭാരിച്ചതുകയ്ക്കു തീറ്റ നൽകി വളർത്തുന്ന താറാവുകൾ ദിവസങ്ങളോളം മുട്ട നൽകാതെയായാൽ നഷ്ടം കുറയ്ക്കാൻ കിട്ടുന്ന വിലയ്ക്കു താറാവിനെ വിൽക്കും. തലയാഴംമുണ്ടാർ അഞ്ചാം ബ്ലോക്കിൽ 400 മുട്ടത്താറാവുകളെ വളർത്തി വന്ന അമ്പിളി ഇത്തരത്തിൽ നഷ്ടം നേരിട്ടതിനാൽ താറാവിനെ വിറ്റ കർഷകയാണ്.
അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ കീടനാശിനി, രാസമാലിന്യങ്ങൾ, ചീഞ്ഞളിയന്ന പായൽ തുടങ്ങിയവ ജലമലിനീകരണത്തിന്റെ തോതു വർധിപ്പിച്ചതോടെയാണ് അപ്പർകുട്ടനാട്ടിൽ പക്ഷിപ്പനി പതിവായതെന്ന് താറാവു കർഷകർ പറയുന്നു. വെച്ചൂരിലും തലയാഴത്തും കുമരകത്തും അയ്മനത്തുമൊക്കെ പക്ഷിപ്പനിയെത്തുടർന്ന് മുട്ടയിടാറായ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു.
മുട്ടയിട്ടുതുടങ്ങിയാൽ മാസങ്ങളോളം കർഷകർക്ക് വരുമാനം ലഭിക്കുമായിരുന്നു. പക്ഷിപ്പനിമൂലം മുട്ടയിടാറായ താറാവുകളെ കൊന്നൊടുക്കുമ്പോൾ തങ്ങൾക്ക് താറാവിന് 200 രൂപ നിരക്കിൽ വില ലഭിച്ചാലും കൃഷിയിലുണ്ടായനഷ്ടം നികത്തപ്പെടില്ലെന്ന് കർഷകർ പറയുന്നു.
ജലമലിനീകരണം അവസാനിപ്പിക്കാൻ ഊർജിതമായ പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുന്നതിനൊപ്പം താറാവു കർഷകരെ നാട്ടിൽ നിലനിർത്തുന്നതിനാവശ്യമായ പരിരക്ഷ ഉറപ്പാക്കിയാൽ മാത്രമേ നാട്ടിൻപുറങ്ങളിൽ താറാവുകൃഷി തുടരാൻ കഴിയുകയുള്ളുവെന്നു കർഷകർ പറയുന്നു.