കോട്ടയം: പക്ഷിപ്പനി ബാധിച്ച താറാവിൻ കുഞ്ഞുങ്ങളെ കൊന്നൊടുക്കാൻ തുടങ്ങി. നീണ്ടൂർ പഞ്ചായത്ത് 14-ാം വാർഡിൽ പള്ളിത്താഴെ ഭാഗത്തെ രോഗം ബാധിച്ച താറാവുകളെയാണു നശിപ്പിക്കുവാൻ തുടങ്ങിയത്.
ഇതിനായി വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകർമ സേനകളെ നിയോഗിച്ചു. പോലീസ്, റവന്യു, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പള്ളിത്താഴെ ഭാഗത്ത് എണ്ണായിരം താറാവിൻകുഞ്ഞുങ്ങളിലാണ് രോഗം കണ്ടെത്തിയത്. ഇതിൽ രണ്ടായിരത്തോളം താറാവുകൾ ചത്തു.
ബാക്കിവരുന്ന താറാവുകളെയും സമീപത്തെ മറ്റു താറാവുകളെയുമാണു കൊല്ലുന്നത്. ഇന്ന് 6000 താറാവുകളെ കൊല്ലും. ചൊഴിയാപറയിൽ മൂഴികുളങ്ങര കൈമൂലയിൽ കെ.ജെ. ബാബു, ബാബു കല്ലുപറന്പിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള 60 ദിവസം പ്രായമായ താറാവ് കുഞ്ഞുങ്ങളാണു രോഗം ബാധിച്ചു ചത്തത്.
കഴിഞ്ഞ ഞായറാഴ്ച മുതലാണു താറാവ് കുഞ്ഞുങ്ങളിൽ രോഗലക്ഷണം കണ്ടു തുടങ്ങിയത്. തുടർന്നു കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് കൈപ്പുഴ ഗവണ്മെന്റ് മൃഗാശുപത്രിയിൽനിന്നു ഡോക്ടർ എത്തി പരിശോധനയ്ക്കായി സാന്പിൾ ശേഖരിക്കുകയുമായിരുന്നു.
കഴിഞ്ഞ 29നു സാന്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. എട്ട് സാന്പിളുകളിൽ അഞ്ചും രോഗബാധിതമാണെന്ന ഫലം ഇന്നലെ ലഭിച്ചപ്പോഴാണ് പക്ഷിപ്പനിയെന്ന സ്ഥിരീകരണമുണ്ടായത്. എച്ച് അഞ്ച്-എൻ എട്ട് എന്ന വൈറസ് രോഗമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതൽ ഇവിടെ താറാവുകൾ ചത്തു തുടങ്ങിയതായി കർഷകർ പറയുന്നു. ആദ്യം താറാവുകളിൽ ക്ഷീണവും, മന്ദതയും അനുഭവപ്പെടും.
തുടർന്നു കഴുത്ത് നേരേ നിൽക്കാനാകാതെ താഴേക്ക് തൂങ്ങി കിടക്കും. പിന്നീട് കണ്ണു കാണാനാകാതെ പിടഞ്ഞു മരിക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചത്ത താറാവ് കുഞ്ഞുങ്ങളെ കർഷകർ തന്നെ കുഴി എടുത്ത് സംസ്കരിക്കുകയായിരുന്നു.
അയ്മനം, ആർപ്പൂക്കര, കുമരകം, തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലായി ഏറെപ്പേർ താറാവുകളെ വളർത്തുന്നുണ്ടെങ്കിലും ഇവയ്ക്കൊന്നും രോഗം കണ്ടെത്തിയിട്ടില്ല. ഇന്നലെ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; അതിര്ത്തിയില് കര്ശന ജാഗ്രത
തിരുവനന്തപുരം: പക്ഷിപ്പനിയെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആനിമൽ ഹസ്ബൻഡറി ഡയറക്ടർ ഡോ. കെ.എം. ദിലീപാണു പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിച്ചത്.
ഇതേതുടർന്ന് അതിർത്തികളിലുൾപ്പെടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും കോട്ടയം നീണ്ടൂരിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുൾപ്പെടെയുള്ള നടപടികൾ നിയന്ത്രിക്കുമെന്നും ദിലീപ് അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരുമാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളിൽ അസാധാരണമായ മരണനിരക്ക് കണ്ടതിനെത്തുടർന്ന് പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലും ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിലും സാന്പിളുകൾ പരിശോധിച്ചതിനെത്തുടർന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എട്ടു സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ അഞ്ച് സാന്പിളുകളിലാണ് രോഗബാധ കണ്ടെത്തിയത്.
ഇൻഫ്ലുവൻസ ടൈപ്പ് എ എന്ന വൈറസാണ് പക്ഷിപ്പനി പരത്തുന്നത്. വൈറസിന്റെ വകഭേദമനുസരിച്ച് മാരകമാകുകയോ മനുഷ്യരിലേക്ക് പകരുകയോ ചെയ്യാം. ഇപ്പോൾ സ്ഥിരീകരിച്ചത് എച്ച് 5 എൻ 8 വൈറസാണ്. ഇവ ഇതുവരെ മനുഷ്യരിലേക്ക് പകർന്നിട്ടില്ല.