കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിൽ രോഗപ്രതിരോധത്തിന്റെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ തുടരുന്നു. കേന്ദ്ര സംഘം നാളെ കേരളത്തിലേക്ക്; രോഗം പടരുന്ന ജില്ലകളിൽ പരിശോധന നടത്തുംജില്ലാ കളക്ടർ നിയോഗിച്ച ദ്രുതകർമ്മ സേന ഇന്നലെ 3500 താറാവിൻ കുഞ്ഞുങ്ങളെ കൊന്നു.
ഇതിൽ 3300 താറാവുകളും രോഗബാധ കണ്ടെത്തിയ ഫാമിലേതാണ്. 200 എണ്ണം സമീപ മേഖലകളിൽ വളർത്തിയിരുന്നവയാണ്. ഇന്നു ബാക്കി താറാവുകളെ കൊല്ലന്ന പ്രക്രീയ തുടരും. കൊന്ന താറാവുകളെ രാത്രിയിൽ സമീപത്തെ ഒഴിഞ്ഞ തുരുത്തിൽ കത്തിച്ചു നശിപ്പിച്ചു.
രാവിലെ 10.30നാണ് താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങിയത്. അഞ്ചു പേർ വീതം അടങ്ങുന്ന എട്ടു ദ്രുതകർമ്മ സേനകളെയാണ് മേഖലയിൽ വിന്യസിച്ചിരുന്നത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വൈദ്യപരിശോധന നടത്തി പ്രതിരോധ മരുന്ന് നൽകിയശേഷം ആറു സംഘങ്ങളെ രോഗം സ്ഥിരീകരിച്ച ഫാമിലും രണ്ടു സംഘങ്ങളെ പുറത്തുമാണ് നിയോഗിച്ചത്. എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് ജോലിക്കിറങ്ങിയത്. ഇടയ്ക്ക് മഴപെയ്തെങ്കിലും നടപടികൾക്ക് തടസമുണ്ടായില്ല.
ആദ്യം ഫാമിലെത്തി താറാവുകളുടെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ചാക്കിൽ കെട്ടി വിറക്, കരി തുടങ്ങിയവ ക്രമത്തിൽ അടുക്കിയാണ് കത്തിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സബ്കളക്ടർ രാജീവ്കുമാർ ചൗധരി, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ. ഷാജി പണിക്കശേരി, തഹസിൽദാർ പി.ജി. രാജേന്ദ്രബാബു എന്നിവർ നടപടികൾക്ക് മേൽനോട്ടം വഹിച്ചു.
പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ ഡോ. സജീവ് കുമാർ, ഡോ. പ്രസീന, ഫീൽഡ് ഓഫീസർ ഷാനവാസ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നടപടികളിൽ പങ്കാളികളായി. മേക്കാവ് എസ്കെവി എൽപി സ്കൂളിൽ ക്യാന്പ് ചെയ്യുന്ന ദ്രുതകർമ്മ സേന ഇന്നു രാവിലെ നടപടികൾ പുനരാരംഭിക്കും.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഫാമിൽ ശേഷിക്കുന്ന താറാവുകളെയും രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയും കൊന്നൊടുക്കുന്നത് ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികൾ തുടരുമെന്നും ജില്ലാ കളക്്ടർ എം. അഞ്ജന അറിയിച്ചു.
വെച്ചൂരിലും താറാവുകൾ ചാകുന്നു
വൈക്കം: നീണ്ടൂരിനു പിന്നാലെ വൈക്കം വെച്ചൂരിലും രോഗം പടർന്നു താറാവുകൾ കൂട്ടത്തോടെ ചാകുന്നു. നീണ്ടൂരിൽ 10,000 അധികം താറാവുകൾക്ക് പക്ഷിപ്പനി ബാധിച്ചപ്പോൾ വെച്ചൂരിൽ അജ്ഞാത രോഗം ബാധിച്ചാണ് താറാവുകൾ ചാകുന്നത്.
കണ്ണു ചുമന്ന് അവശനിലയിലാകുന്ന താറാവുകൾ അധികം വൈകാതെ ചാകുകയാണ് വെച്ചൂരിൽ. മൃഗസംരക്ഷണ വകുപ്പ് അധികൃതർ പരിശോധനയ്ക്കെടുത്ത താറാവുകളുടെ കരൾ അലിഞ്ഞുപോയ നിലയിലായിരുന്നു.
ആദ്യം തിരുവല്ലയിലെ ലാബിലും പിന്നീട് ഭോപ്പാലിലെ പരിശോധന കേന്ദ്രത്തിലും സാന്പിൾ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. താറാവുകൾ ചാകുന്നത് തുടരുന്നതിനാൽ ഭോപ്പാലിലെ ലാബിലേക്കു വിദഗ്ധ പരിശോധനയ്ക്കായി ഇന്നലെ വീണ്ടും സാന്പിൾ അയച്ചു.
വെച്ചൂർ നാലാം വാർഡിൽ കട്ടമടപാടശേഖരത്തിനു സമീപത്തെ ഹംസയുടെ വളർത്തിയ താറാവുകളാണു രോഗത്തെത്തുടർന്നു ചത്തത്. ഹംസയുടെ 7500 താറാവുകളിൽ 5000 ലധികം താറാവുകൾ ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ചത്തത്. നാലാം വാർഡിൽ ശിവപ്രസാദ്, ചന്ദ്രൻ എന്നിവരുടെ 500ഓളം താറാവുകളും ചത്തു.