ഹരിപ്പാട്: ഹരിപ്പാട് മേഖലയിൽ പക്ഷിപ്പനി ബാധ. പക്ഷിപ്പനിയേറ്റ മേഖലയിലെ താറാവുകളെ ഇന്നു കൊന്നുതുടങ്ങും. ഒരാഴ്ചയായി ഹരിപ്പാട് നഗരസഭ ഒമ്പതാം വാർഡിൽ താറാവുകൾ ചത്തതു പക്ഷിപ്പനി മൂലം ആണെന്നു സ്ഥിരീകരിച്ചു.
ഇതേത്തുടർന്ന് ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള മുഴുവൻ പക്ഷികളെയും കൊല്ലാനാണ് നിർദേശം. പള്ളിപ്പാട് പഞ്ചായത്തിലെ താറാവ് കർഷകരായ അച്ചൻകുഞ്ഞ്, തുളസി എന്നിവരുടെ താറാവുകളാണ് ചത്തത്.
ഒരാഴ്ചക്കിടയിൽ 1800ഓളം താറാവുകൾ ഈ മേഖലയിൽ ചത്തു. മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി ചത്ത താറാവുകളിൽനിന്നു സാമ്പിൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചു ഫലം എത്തി. രോഗം സ്ഥിരീകരിച്ച മേഖലയിൽ ഈ രണ്ടു കർഷകർ മാത്രമാണുള്ളത്.
താറാവ് കർഷകർ പള്ളിപ്പാട് പഞ്ചായത്തിൽ ആണെങ്കിലും രോഗം ബാധിച്ച താറാവുകൾ ചത്തതു ഹരിപ്പാട് നഗരസഭാ പരിധിക്കുള്ളിൽ ആണ്.
അതിനാൽ നഗരസഭയാണ് താറാവുകളെ നശിപ്പിക്കാൻ സഹായം നൽകുന്നത്. മൃഗസംരക്ഷണ അധികൃതർ ഇന്നലെ മേഖല സന്ദർശിച്ചിരുന്നു. കർഷകർക്കു വൻ നഷ്ടമാണ് പക്ഷിപ്പനി ബാധ വരുത്തിവച്ചിരിക്കുന്നത്.
പ്രതിരോധംഊര്ജിതമാക്കി
ആലപ്പുഴ: ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്തതു പക്ഷിപ്പനി മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ജില്ല കളക്ടര്‍ വി.ആര്. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേർന്നു.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളില്‍നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്.
ഒരു കിലോമീറ്റര്‍ പക്ഷികളെ കൊല്ലാനായി എട്ട് ആര്‍ആര്‍ടി (റാപ്പിഡ് റെസ്പോണ്‍സ് ടീം) കളെയും സജ്ജമാക്കി. കള്ളിംഗ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്കാന് ഹരിപ്പാട് നഗരസഭയുടെയും പള്ളിപ്പാട് ഗ്രാമ പഞ്ചായത്തിന്റെയും അധികൃതര്‍ക്കു നിര്‍ദേശം നല്കി. 20,471 പക്ഷികളെയാണ് കൊല്ലേണ്ടി വരിക.
പക്ഷികൾക്കുനിരോധനം
ഹരിപ്പാട് നഗരസഭയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നു പക്ഷികളെകൊണ്ടു വരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. ഇതു നിരീക്ഷിക്കാന്‍ പോലീസ്, റവന്യൂ അധികൃതരെ ചുമതലപ്പെടുത്തി. പക്ഷിപ്പനി മനുഷ്യരിലേക്കു പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കും.