എടത്വ: കുട്ടനാട്ടിൽ പക്ഷിപ്പനിയെന്ന് സംശയമുയർത്തി താറാവുകൾ കൂട്ടത്തോടെ ചാകുന്നു.
തലവടി പഞ്ചായത്ത് ഒന്പതാം വാർഡിൽ തലവടി തെക്ക് കറുകപ്പറന്പിൽ ബിജുവിന്റെ 927 താറാവുകളാണ് മൂന്ന് ദിവസം കൊണ്ട് ചത്തത്. മറ്റ് താറാവുകളും തൂങ്ങി നിൽക്കുന്ന അവസ്ഥയാണ്.
നിരണം പഞ്ചായത്തിലെ നുപ്പരത്തിൽചിറ പാടത്ത് കിടന്ന താറാവുകളാണ് ചത്തത്. താറാവുകൾ തൂങ്ങിനിന്ന് പിടച്ചുവീണാണ് ചാകുന്നത്.
വെറ്ററിനറി ഡോക്ടറുടെ നിർദേശ പ്രകാരം ജില്ല മൃഗാശുപത്രിയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി സാന്പിൾ പരിശോധിച്ചു. സാന്പിളുകൾ മഞ്ഞാടിയിൽ ടെസ്റ്റ് ചെയ്ത് വന്നതിന് ശേഷമേ പക്ഷിപ്പനി സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ കർഷകനെ അറിയിച്ചു.
സാന്പിൾ പരിശോധന കഴിഞ്ഞ് മരുന്ന് എത്തുന്പോഴേയ്ക്ക് താറാവുകൾ പൂർണമായി ചത്തൊടുങ്ങുന്ന അവസ്ഥയായിരിക്കുമെന്ന് ബിജു പറയുന്നു. 42 ദിവസം പിന്നിട്ട 4000 ഓളം താറാവുകളാണ് ബിജുവിനുള്ളത്.
ചത്ത താറാവുകളെ ഡോക്ടർമാരുടെ നിർദേശപ്രകാരം സംസ്കരിച്ചു. പക്ഷിപ്പനിയുടെ പ്രകടമായ ലക്ഷണങ്ങൾ കാണുന്നില്ലെന്നും പരിശോധനയ്ക്കയച്ച സാന്പിളുകളുടെ റിസൾട്ട് വന്നശേഷമേ കൂടുതൽ വിവരം ലഭ്യമാകുകയുള്ളൂവെന്നും ജില്ല വെറ്റിനറി ഉദ്യോഗസ്ഥർ പറഞ്ഞു.
2017-ൽ പക്ഷിപ്പനി വ്യാപകമായപ്പോൾ ബിജുവിന്റെ 6650 ഓളം താറാവുകളാണ് കൂട്ടത്തോടെ ചത്തത്. 650 ഓളം താറാവുകളെ ഡോക്ടർമാരുടെ നിർദേശമില്ലാതെ സംസ്കരിച്ചതിനാൽ 6000 താറാവുകളുടെ നഷ്ടപരിഹാരമാണ് സർക്കാർ അനുവദിച്ചത്.
ഇത്തവണ രോഗം പ്രകടമായതോടെ മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു.
താറാവുകൾ ചത്ത സ്ഥലം ആനപ്രന്പാൽ വെറ്ററിനറി ഡോക്ടർ ഈദളിന്റെ നേതൃത്തിൽ ജില്ല മൃഗസംരക്ഷണ ഉദ്യോഗസ്ഥരായ വൈശാഖ് മോഹനൻ, യമുന, ശ്രീലക്ഷ്മി, സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ, പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ, പഞ്ചായത്ത് പ്രതിനിധികളായ അജിത്ത് കുമാർ പിഷാരത്ത്, മണിദാസ് വാസു എന്നിവർ സന്ദർശിച്ചു.