ഇന്ത്യന് സംഗീതത്തിലെ മഹാരഥന്മാരായ യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും ഒരുമിച്ച് പാടിയ പുതിയ പാട്ട് വൈറലാവുകയാണ്. ഇരുപത്തിയഞ്ചു വര്ഷങ്ങള്ക്കു ശേഷമാണ് ഇരുവരും ചേര്ന്ന് യുഗ്മഗാനം പാടുന്നത്. ‘കിണര്’ എന്ന ചിത്രത്തിലേതാണീ ഗാനം. ‘അയ്യാ സാമി’ എന്നു തുടങ്ങുന്ന ഗാനം കേരളത്തിന്റെയും തമിഴ്നാടിന്റെയും ഐക്യത്തെ കുറിച്ചാണു പാടുന്നത്. കാലാതീതമായ ഇരു സ്വരങ്ങളും ഒരു പാട്ടില് ഒന്നിച്ച് സമത്വത്തെ കുറിച്ചു പാടുന്നതു കേള്ക്കുമ്പോള് മനസ്സു നിറയും. ബി.കെ.ഹരിനാരായണനും പളനി ഭാരതിയും ചേര്ന്നാണു പാട്ടിനു വരികള് കുറിച്ചത്. സംഗീതം എം. ജയചന്ദ്രനും.
കേരളത്തേയും കുറിച്ചും തമിഴ്നാടിനേയും കുറിച്ചും ഓര്ത്താല് മനസ്സില് തെളിയുന്ന ദൃശ്യങ്ങളേയും വികാരങ്ങളേയുമാണ് ഈ പാട്ടില് ആവിഷ്കരിക്കുന്നത്. നമ്പൂതിരിയുടെ വരയും കളരിപ്പയറ്റും കഥകളിയും ഗോപിയാശാനും മട്ടന്നൂരിന്റെ ചെണ്ടയും വള്ളവും…ഒക്കെയാണു പാട്ടിന്റെ ദൃശ്യങ്ങളില്. തമിഴ്നാടിന്റെ ആഘോഷങ്ങളും ഒപ്പമുണ്ട്. ആ കാഴ്ചകള്ക്കൊപ്പം സംഗീതത്തിലൂടെ നമ്മുടെ ആത്മാവിന് ഭാഗമായി മാറിയ ദാസേട്ടനും എസ്പിബിയും ചേര്ന്നു പാടിയ പാട്ട് കൂടി ചേരുമ്പോള് അതെത്രമാത്രം ഹൃദയസ്പര്ശിയാകുമെന്നു പറയേണ്ടതില്ലല്ലോ. എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണു കിണര്. എന്തായാലും ഇതിഹാസ ഗായകരുടെ പുതിയ പാട്ട് സംഗീതാസ്വാദകര് നെഞ്ചേറ്റിക്കഴിഞ്ഞു.