തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ടു പോലീസ് സംഘം സെക്രട്ടറിയേറ്റിൽ പരിശോധന നടത്തി. സ്പെഷൽ സെൽ എസ്പി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നു രാവിലെ പരിശോധന നടത്തിയത്. ഫോറൻസിക് വിദഗ്ധരും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് ഇന്നലെ ജീവനക്കാർ അറിയിച്ചിരുന്നു. അതേസമയം, അട്ടിമറി സാധ്യതയുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇന്നലെ രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപ്പിച്ചിരുന്നു. സെക്രട്ടറിയേറ്റിലെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
പോലീസ് അന്വേഷണത്തോടൊപ്പം ഉദ്യോഗസ്ഥ തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ. കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണവും ഇന്നു തന്നെ ആരംഭിക്കും.
ഏതൊക്കെ ഫയലുകളാണ് നശിച്ചതെന്ന് അറിയാൻ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. തീപിടുത്തത്തില് പ്രതിഷേധിച്ച് യുഡിഎഫ് ഇന്നു കരിദിനമായും ബിജെപി പ്രതിഷേധ ദിനമായും ആചരിക്കുകയാണ്.
സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലുള്ള പൊളിറ്റിക്കൽ വിഭാഗത്തിലും പ്രോട്ടോക്കോൾ ഓഫീസിലും ഇന്നലെ വൈകുന്നേരം 4.45ഓടെയാണ് തീപിടിത്തം ഉണ്ടായത്.
തീ കൊണ്ടുപോയത്
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഫയലുകൾ, വിദേശത്തുനിന്നു സംസ്ഥാനത്ത് എത്തുന്നവർക്ക് വിവിഐപി പദവി നൽകിയതും നൽകുന്നതുമായ ഫയലുകൾ, വിദേശത്തുനിന്ന് എത്തുന്നവർക്കുള്ള പൊളിറ്റിക്കൽ ക്ലിയറൻസുമായി ബന്ധപ്പെട്ട ഫയലുകൾ, വിമാന യാത്രകളുമായി ബന്ധപ്പെട്ട ഫയലുകൾ, സർക്കാർ ഗസ്റ്റ്ഹൗസുകളിൽ മുറികൾ നൽകുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവയാണ് കത്തിനശിച്ച പ്രധാനപ്പെട്ട ഫയലുകൾ.
അതേസമയം, തീ പിടിത്തം ഉണ്ടായതിനു പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർ സെക്രട്ടറിയേറ്റിനുള്ളിൽ കയറി പ്രതിഷേധിച്ചതിൽ സുരക്ഷാ വീഴ്ചയുണ്ടായതായി സ്പെഷൽ ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് പറയുന്നു.